ഇടുക്കി: തേക്കടി ചെക്ക്പോസ്റ്റിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവത്തിൽ വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ. തേക്കടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തത്.
വെള്ളിയാഴ്ചയാണ് തേക്കടി വനംവകുപ്പിന്റെ പ്രവേശന കവാടത്തിൽ ഡ്രൈവർ ജയചന്ദ്രനെ ബിഎഫ്ഒ സക്കീർ ഹുസൈൻ ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് വലിച്ച് റോഡിലേക്കിട്ടത്. ഉദ്യോഗസ്ഥനെ ചെക്ക്പോസ്റ്റിൽനിന്ന് വനത്തിനുള്ളിലെ കൊക്കര ഭാഗത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ, വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേയും ഓട്ടോ ഡ്രൈവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈൻ ഓട്ടോറിക്ഷയിൽനിന്നും വലിച്ച് റോഡിൽ ഇട്ടത്. തേക്കടി ആമപ്പാർക്കിന് സമീപത്തുനിന്നും തേക്കടി പ്രവേശനകവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷയ്ക്ക് ചെക്ക്‌പോസ്റ്റിൽവെച്ച് ഇയാൾ കൈ കാണിച്ചു. ഓട്ടോറിക്ഷ നിർത്തിയില്ല. ഇതിൽ ദേഷ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥൻ, ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ ചാടിക്കയറി ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു. റോഡിലേക്ക് തലയിടിച്ചാണ് ഡ്രൈവർ വീണതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
അതേസമയം, ആമപ്പാർക്കിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചവരെ ബിഎഫ്ഒ കാണുകയും ഇവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് വനംവകുപ്പ് പറയുന്നു. തുടർന്ന്, കാട്ടിനുള്ളിൽ ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചവരെക്കുറിച്ച് ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിലുള്ള സക്കീർ ഹുസൈനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ്, ചെക്ക് പോസ്റ്റിൽ വാഹനം തടഞ്ഞത്. എന്നാൽ, അത് നിർത്താതെ മുമ്പോട്ടെടുത്തു. ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെ ഇടിച്ച് കടന്നുപോകാൻ ശ്രമിച്ച വാഹനം തടഞ്ഞപ്പോൾ ഡ്രൈവർ ഓട്ടോറിക്ഷയിൽനിന്നും താഴേക്ക് വീണെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.