ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെയും കേസിൽ നിന്ന് കർണാടക ഹൈക്കോടതി ഒഴിവാക്കി

06:52 PM Mar 04, 2025 | AVANI MV

കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിന്നും നടി സഞ്ജന ഗൽറാണിയെ കർണാടക ഹൈക്കോടതി ഒഴിവാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വർഷം ജൂണിൽ നിയമനടപടികൾ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ കേസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

കേസിൽ 2020ൽ സഞ്ജന അറസ്റ്റിലായിരുന്നു. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് ആയിരുന്നു സഞ്ജനയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിന് ശേഷമാണ് കേസിൽ നടിക്ക് ജാമ്യം ലഭിച്ചത്. 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരോപിച്ച് കോട്ടൺപേട്ട് പൊലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ സഞ്ജനയെ കൂടാതെ കന്നഡ നടി രാഗിണി ദ്വിവേദിയും മലയാളി നടൻ നിയാസ് മുഹമ്മദും നൈജീരിയൻ സ്വദേശികളും ഉൾപ്പെടെ 15 പേരെ അസ്റ്റ് ചെയ്തിരുന്നു. രാഗിണി ദ്വിവേദിയെ കഴിഞ്ഞ മാസം ഹൈക്കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Trending :

2015, 2018, 2019 വർഷങ്ങളിൽ ഇവർ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടി കേസിൽ ഉൾപ്പെടുത്തിയിരുന്നു. ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ ബന്ധങ്ങളിലേക്കും ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്കും കേസ് അന്വേഷണം നീണ്ടിരുന്നു.