വെളിച്ചെണ്ണയില്‍ വറുത്ത് മൊരിമൊരിഞ്ഞ മുള്ളന്‍മീനിന്റെ സ്വാദും പാകത്തിന് പുളിയും അല്പം മുന്നിട്ടുനില്‍ക്കുന്ന എരിവുംകൂടിച്ചേരുമ്പോള്‍ ഈ ചമ്മന്തിപ്പൊടി തീന്‍മേശയിലെ സൂപ്പര്‍ഹിറ്റാവും.
ചേരുവകള്‍
ഉണക്കമുള്ളന്‍: 500 ഗ്രാം
മുളകുപൊടി: രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി: രണ്ട് ടീസ്പൂണ്‍
വറ്റല്‍മുളക്: അഞ്ചെണ്ണം
വാളന്‍പുളി: നെല്ലിക്ക വലിപ്പത്തില്‍
പച്ചമുളക്: ഒരെണ്ണം
വെളുത്തുള്ളി: രണ്ട് അല്ലി
ഇഞ്ചി: ചെറിയ കഷണം
തേങ്ങ: അര മുറി
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ഉണക്കമുള്ളനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടുക. പത്ത് മിനിറ്റ് മാറ്റിവെക്കുക. ശേഷം വെളിച്ചെണ്ണയില്‍ വറുത്തുകോരുക. അതേ വെളിച്ചെണ്ണയില്‍ ചിരകിയ തേങ്ങ, ഇഞ്ചി, വറ്റല്‍മുളക്, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് പുളിയും വറുത്ത മുള്ളനും അല്പം ഉപ്പും ചേര്‍ക്കുക. ഇനി വീണ്ടും മൂപ്പിക്കാം. ഇളം ചൂടില്‍ പൊടിച്ച് എയര്‍ടൈറ്റായ കുപ്പിയില്‍ സൂക്ഷിക്കാം.