തിരുവനന്തപുരം :ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദു പിണറായി സർക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
ബിന്ദു പ്രാണനുവേണ്ടി പിടയുമ്പോഴാണ് കെട്ടിടത്തില്‍ ആരുമില്ലെന്ന് ആരോഗ്യമന്ത്രിയും വാസവന്‍ മന്ത്രിയും പ്രഖ്യാപിച്ചത്. ആളുണ്ടെന്ന് സമ്മതിച്ചാല്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകരുമെന്ന് ഇരുവർക്കും അറിയാം.മൃതദേഹം കണ്ടെത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാരിന്റെ നേട്ടം എണ്ണിപ്പറയുകയായിരുന്നു വീണാജോർജ്. ധാർഷ്ട്യത്തിന്റെയും താന്‍പോരിമയുടെയും അവതാരമാണ് ആരോഗ്യമന്ത്രിയെന്നും വി. മുരളീധരൻ പറഞ്ഞു.
ദുരന്തനിവാരണ വകുപ്പും പൊതുമരാമത്തു വകുപ്പും ഭരിക്കുന്ന മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും ഉത്തരവാദിത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി. മുരളിധരൻ കൂട്ടിച്ചേർത്തു
ആരോഗ്യ കേരളത്തിലെ മെഡിക്കൽ കോളജിൽ സർജറി നടക്കണമെങ്കിൽ സൂചിയും നൂലുമടക്കം രോഗി വാങ്ങി നൽകണമെന്ന അവസ്ഥയാണ്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഗതികേടിന്റെ നേര്‍ച്ചിത്രമാണ് ഡോ.ഹാരിസും കോട്ടയം മെഡിക്കല്‍ കോളജുമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.