ഭീതിയിൽ ക്യൂബ; ഒരുമണിക്കൂറിനുള്ളിലുണ്ടായത് രണ്ട് ഭൂചലനങ്ങള്‍

03:20 PM Mar 03, 2025 | Litty Peter

ക്യൂബയെ ഭീതിയിലാഴ്ത്തി ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ അകലെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഭൂചലനത്തിന്റെ ആഘാതത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് കനാല്‍ പറഞ്ഞു. വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാൽ രാജ്യത്ത് സുനാമി മുന്നറിയിപ്പില്ല.

സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ക്യൂബയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മുഴക്കം അനുഭവപ്പെട്ടു. ഗ്വാണ്ടനാമോ. ദ്വീപിന് ഭൂചലനം അനുഭവപ്പെട്ടതായി ജമൈക്കയിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.