കരുവന്നൂര്‍ കളളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി. പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇ ഡി വിളിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിലെ ഇ ഡി ഓഫീസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ രാധാകൃഷ്ണന്‍ എംപി.
'എന്റെ ആധാറും പാന്‍ കാര്‍ഡും സ്വത്ത് വിവരങ്ങളുമുള്‍പ്പെടെ നേരത്തെ തന്നെ കൈമാറിയിരുന്നു. പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നത്. രേഖകളടക്കം കാര്യങ്ങള്‍ ഇ ഡിയെ ബോധിപ്പിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ല'- കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. താന്‍ കേസില്‍ പ്രതിയാണെന്ന രീതിയിലാണ് പ്രചാരണമെന്നും അതില്‍ അടിസ്ഥാനമില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.
രാധാകൃഷ്ണന്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി പരിശോധിക്കുന്നത്. കരുവന്നൂര്‍ ബാങ്കുമായുളള സിപിഐഎം ബന്ധം, സിപിഐഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് കെ രാധാകൃഷ്ണനോട് ചോദിച്ചറിഞ്ഞത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതുള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എംപി രേഖാമൂലം അസൗകര്യമറിയിക്കുകയായിരുന്നു. പിന്നീടാണ് ചൊവ്വാഴ്ച്ച ഹാജരാകാമെന്ന് അറിയിച്ചത്.