തിരുവനന്തപുരം: കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് സുരക്ഷാമിത്രം എന്ന പേരില്‍ പുതിയ കർമപദ്ധതിക്ക് തുടക്കമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഹെല്‍പ് ബോക്സുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹെല്‍പ് ബോക്സുകള്‍ പ്രധാനാധ്യാപികയുടെ നിയന്ത്രണത്തിലായിരിക്കും. എല്ലാ ആഴ്ചയും ഇവ തുറന്നുപരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സിലർമാരുടെ യോഗം വിളിച്ചുചേർക്കുമെന്നും, അതില്‍ വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ പറയുന്ന വിഷയങ്ങളില്‍ നടപടിയെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട്ടിലും സ്കൂളിലും കുട്ടികള്‍ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് സുരക്ഷാമിത്രം പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിൻ്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചറിയാനും അവർക്ക് പ്രത്യേക ശ്രദ്ധ നല്‍കാനും വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും അവരുമായി സൗഹൃദപരമായ അന്തരീക്ഷം സ്ഥാപിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനവും രക്ഷിതാക്കള്‍ക്ക് ക്ലിനിക്കല്‍ ക്ലാസ്സുകളും നല്‍കുമെന്നും മന്ത്രി പറഞ്ഞു