+

കാമ്പസ് ഇന്റര്‍വ്യൂവില്‍ ലഭിച്ച ശമ്പളം 50,000 രൂപ മാത്രം, ബിടെക്കിന് പഠിക്കാന്‍ ചെലവഴിച്ചത് 15 ലക്ഷം രൂപ, എങ്ങനെ ജീവിക്കുമെന്ന് വിദ്യാര്‍ത്ഥി

എഞ്ചിനീയറിംഗ് ബിരുദത്തിനായി 15 ലക്ഷം രൂപ ചെലവഴിച്ച ഒരു വിദ്യാര്‍ത്ഥി, ക്യാമ്പസ് പ്ലേസ്മെന്റില്‍ ലഭിച്ച 50,000 രൂപ പ്രതിമാസ ശമ്പളമുള്ള ജോലി ഓഫര്‍ നിരസിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്

ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് ബിരുദത്തിനായി 15 ലക്ഷം രൂപ ചെലവഴിച്ച ഒരു വിദ്യാര്‍ത്ഥി, ക്യാമ്പസ് പ്ലേസ്മെന്റില്‍ ലഭിച്ച 50,000 രൂപ പ്രതിമാസ ശമ്പളമുള്ള ജോലി ഓഫര്‍ നിരസിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫോര്‍ബ്‌സ് മാര്‍ഷല്‍ എന്ന പ്രശസ്ത കമ്പനിയില്‍ നിന്ന് ലഭിച്ച ഈ ഓഫര്‍ സഹപാഠികള്‍ക്ക് ലഭിച്ചതിനേക്കാള്‍ ഏറെ കുറവാണ്. ഒപ്പം പഠിച്ചവര്‍ക്ക് ലഭിച്ച ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ശമ്പളമുള്ള ഓഫറുകള്‍ തനിക്ക് ലഭിക്കാത്തതില്‍ വിദ്യാര്‍ത്ഥി നിരാശപ്രകടിപ്പിച്ചു.

വിദ്യാര്‍ത്ഥിയുടെ ആശങ്കകള്‍ക്ക് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമതായി, ജോലിക്കായി അഹമ്മദാബാദില്‍ നിന്ന് പുനെയിലേക്ക് മാറേണ്ടതുണ്ട്. ഇത് 50,000 രൂപ ശമ്പളത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. രണ്ടാമതായി, സഹപാഠികള്‍ ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ ശമ്പളമുള്ള ജോലി ഓഫറുകള്‍ നേടുന്നത് അവന്റെ പ്രതീക്ഷകളെ ഉയര്‍ത്തുന്നു.

വിദ്യാര്‍ത്ഥിയുടെ കുടുംബം എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി 15 ലക്ഷം രൂപയിലധികം ചെലവഴിച്ചിട്ടുണ്ട്. ഈ വലിയ സാമ്പത്തിക നിക്ഷേപം, ശമ്പളം കുറവാണെന്ന ചിന്തയാണുണ്ടാക്കുന്നത്. 

ഈ പോസ്റ്റ് എക്‌സില്‍ ലക്ഷത്തിലധികം വ്യൂകള്‍ നേടി. ചിലര്‍ വിദ്യാര്‍ത്ഥിയുടെ സമീപനത്തെ വിമര്‍ശിച്ചു. മറ്റൊരു ജോലിക്കായി കാത്തിരിക്കുന്നത് അനര്‍ഹമായ പ്രതീക്ഷയാണെന്നും ഇന്നത്തെ യുവാക്കള്‍ക്ക് ക്ഷമയില്ല, എല്ലാം ഉടനടി വേണം എന്ന ചിന്തയാണെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

എന്നാല്‍, മറ്റുചിലര്‍ വിദ്യാര്‍ത്ഥിയോട് സഹതാപം പ്രകടിപ്പിച്ചു. വിദ്യാഭ്യാസ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, അത് ഉയര്‍ന്ന ശമ്പള പ്രതീക്ഷകള്‍ക്ക് കാരണമാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഐ.ടി, അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ സുഹൃത്തുക്കള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പള ഓഫറുകള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്.

പുനെ പോലുള്ള നഗരങ്ങളില്‍ 50,000 രൂപ ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുമെന്നും, കോര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഇത് ഒരു നല്ല തുടക്കമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഇന്നത്തെ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ നേരിടുന്ന വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നതാണ് വിദ്യാര്‍ത്ഥിയുടെ ചിന്താഗതി. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസ ലോണുകളുടെ ഭാരം, സമപാഠികളുമായുള്ള താരതമ്യം എന്നിവ ജോലി ഓഫറുകളെ വിലയിരുത്തുന്നതിനെ സ്വാധീനിക്കുന്നു.
 

facebook twitter