
മോസ്കോ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മന്റുറോവുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക ബന്ധം, തന്ത്രപ്രധാന മേഖലകളിലെ സംയുക്ത പദ്ധതികൾ തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത്. ഈ വർഷം പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിന്റെ മുന്നോടിയായി ഊർജ-പ്രതിരോധ കാര്യങ്ങളിലെ നിർണായക ചർച്ചകൾക്കായാണ് ഡോവൽ റഷ്യയിലെത്തിയത്. കഴിഞ്ഞ ദിവസം ഡോവൽ ക്രെംലിനിൽ വെച്ച് പുടിനെ കണ്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇതിൽ ചർച്ചയായി. എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് റഷ്യയുമായുള്ള ബന്ധം ഇന്ത്യ തുടരുമെന്ന് ഡോവൽ അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നുവെന്ന പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡോവലിന്റെ റഷ്യ സന്ദർശനം. പുടിന് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ സന്ദർശനത്തിനുള്ള ക്ഷണം കൈമാറിയെന്നും അത് പുടിൻ സ്വീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്.