പാലക്കാട്: രാജ്യത്തെ പല ഭാഗത്തും മുസ്ലീംങ്ങള്‍ക്കെതിരായ വിരോധത്തിന്റെ പേരില്‍ ഈദ് നമസ്‌കാരം വിലക്കിയപ്പോള്‍ ക്ഷേത്രോത്സവവും ഈദ് ഗാഹും ഒരേ മൈതാനത്ത് നടത്തി മാതൃകയാവുകയാണ് കേരളം. മാങ്കാവ് കിണാശ്ശേരി ദേശവാദികള്‍ ക്ഷേത്രോത്സവവും പെരുന്നാളും ഒരുമിച്ച് വന്നിട്ടും വര്‍ഷങ്ങളായുള്ള ഒരുമ കൈവിട്ടില്ല.
വര്‍ഷങ്ങളായി പള്ളിയറക്കല്‍ ദുര്‍ഗ ഭഗവതി ക്ഷേത്രോത്സവത്തിന്റെ പരിപാടികളും മസ്ജിദീന്‍ മുജാഹിദീന്‍ പള്ളിയുടെ പെരുന്നാള്‍ ഈദ് ഗാഹും കിണാശേരി ജിവിഎച്ച്എസ്എസ് മൈതാനത്താണ് നടന്നുവരാറുള്ളത്.
ഇത്തവണ പെരുന്നാളും ഉത്സവവും ഒരുമിച്ച് വന്നെങ്കിലും ഇരുവിഭാഗങ്ങളും ഇതിന് പരിഹാരമുണ്ടാക്കി. ഉത്സവാഘോഷം നടക്കുന്നുണ്ടെങ്കിലും ഈദ് ഗാഹിനുള്ള സൗകര്യം ഉണ്ടാകുമെന്ന് ക്ഷേത്രകമ്മിറ്റി പള്ളിക്കമ്മിറ്റി ഭാരവാഹികളെ അറിയിച്ചിരുന്നു.
ഞായര്‍ വൈകിട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറ്റി മെഗാതിരുവാതിരയ്ക്ക് ശേഷം രാത്രി പന്ത്രണ്ടോടെ എല്ലാവരും ചേര്‍ന്നാണ് തിങ്കളാഴ്ചത്തെ ഈദ് നമസ്‌കാരത്തിനുള്ള ഒരുക്കം നടത്തിയത്. 1500ലധികം പേര്‍ നമസ്‌കാരത്തിന് എത്തി. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താര്‍ വിരുന്നിലുമെല്ലാം എല്ലാവരും ഒരുമനസ്സോടെ പങ്കെടുത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചു.
ഈദ് നമസ്‌കാരത്തിന് സ്ഥലമില്ലാതിരുന്ന പള്ളിക്കായി സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കിയ പാലക്കാട് അലനല്ലൂര്‍ കണ്ണംകുണ്ട് സ്വദേശി അനില്‍കുമാര്‍, ക്ഷേത്രമൈതാനം ഇഫ്താര്‍സംഗമത്തിന് അനുവദിച്ച ആറ്റിങ്ങല്‍ പിരപ്പമണ്‍കാട് ശ്രീഭൂതനാഥന്‍കാവ് ക്ഷേത്രം തുടങ്ങി ഒട്ടേറെ മാതൃകകളും പ്രതീക്ഷയായി നമുക്ക് മുന്നിലുണ്ട്.
യുപിയില്‍ ഈദ് ദിനത്തില്‍ റോഡുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും നിസ്‌കാരം നടത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. പ്രാര്‍ഥന പള്ളിയില്‍ മാത്രം മതിയെന്നും തെരുവുകളിലും മറ്റും ഈദ് നമസ്‌കാരം നടത്തുന്നവരുടെ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്നും വരെ യുപി പൊലീസ് മുന്നറിയിപ്പ് നല്‍കി.
മുസ്ലീം സമുദായഅംഗങ്ങള്‍ സ്വന്തം വീടുകളുടെ ടെറസുകളില്‍ കൂട്ടത്തോടെ എത്തി നിസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനും ചിലപ്രദേശങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഈദ് ദിനത്തില്‍ യുപിയിലെ റോഡുകളില്‍ നിറയെ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ് വിമര്‍ശിച്ചിരുന്നു.