ബസ് വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റി; തൃശ്ശൂരിൽ പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു

03:42 PM Aug 11, 2025 | Kavya Ramachandran

തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി(74)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.14-ഓടെയായിരുന്നു സംഭവം. 

പൂവത്തൂരിലേക്കുള്ള 'ജോണീസ്' ബസില്‍വെച്ചാണ് അപകടമുണ്ടായത്. രാവിലെ 10.13-ഓടെ പൂച്ചക്കുന്ന് സ്റ്റോപ്പില്‍നിന്നാണ് നളിനി ബസില്‍കയറിയത്. നളിനി കയറിയ ഉടന്‍ കണ്ടക്ടര്‍ വാതില്‍ അടച്ചിരുന്നു. ആദ്യം ഡ്രൈവറുടെ പിറകിലെ കമ്പിയില്‍ പിടിച്ചുനിന്ന നളിനി പിറകില്‍ സീറ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടുനീങ്ങി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ നളിനി ബാലന്‍സ് തെറ്റി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

വാതിലിലിടിച്ച് വാതില്‍ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ബസ് നിര്‍ത്തി തലയ്ക്ക് പരിക്കേറ്റ നളിനിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.