പരിപാലകയുടെ പാട്ട് കേട്ട് ആസ്വദിച്ച് തന്റെ തുമ്പിക്കൈകൊണ്ട് അവരെ സ്‌നേഹത്തോടെ ആശ്ലേഷിച്ച് പിടിവിടാതെ നിൽക്കുന്ന ആനയുടെ വീഡിയോ ഇപ്പോൾ വൈറൽ.
തായ്‌ലൻഡുകാരിയായ ലേക്ക് ചൈലേട്ട് ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സംരംഭകയായ ലേക്ക് ചൈലേട്ടും അവർ പരിപാലിക്കുന്ന ഫാ മായ് എന്ന ആനയുമാണ് ആ വീഡിയോയിലുള്ളത്. ലേക്കിന്റെ പാട്ടിൽ മുഴുകിയ ആന അവരെ തുമ്പിക്കൈകൊണ്ട് ആശ്ലേഷിച്ച് ഒരടിയനങ്ങാൻ സമ്മതിക്കാതെ ചേർത്തുപിടിച്ചുനിൽക്കുന്നത് വീഡിയോയിൽ കാണാം.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമുള്ള സമയത്ത് ആനക്കൂട്ടത്തോടൊപ്പം വിശ്രമിക്കാറുണ്ടെന്നും അവയ്ക്ക് പാട്ട് പാടിക്കൊടുക്കാറുണ്ടെന്നും ലേക്ക് ചൈലേട്ട് പറയുന്നു.
'എല്ലാ ഉച്ചക്ക് ശേഷവും വിശ്രമത്തിനുള്ള സമയമാണ്. ആനക്കൂട്ടങ്ങൾ മരത്തണലിൽ ഒത്തുകൂടുന്നു, അത് അവരോടൊപ്പം ശാന്തമായി സമയം ചെലവഴിക്കുന്നതിനുള്ള എന്റെ നിമിഷമായി മാറുന്നു', വീഡിയോക്കൊപ്പമുള്ള അടികുറിപ്പിൽ ലേക്ക് കുറിച്ചു.
ഒരുമിച്ചുള്ളപ്പോൾ ആനകൾക്ക് ഇഷ്ടമുള്ള ഒരു കാര്യം ഞാൻ പാടുന്നതാണ്. പ്രത്യേകിച്ച് ഫാ മായി, സംഗീതത്തിൽ അത്രയധികം ലയിച്ചുപോകുന്നതിനാൽ എന്നെ നടന്നുപോകാൻ അവൾ അനുവദിക്കുകയില്ല. അവളുടെ പ്രിയപ്പെട്ട ഗാനം അവസാനം വരെ പാടിക്കാനായി എന്നെ അവിടെത്തന്നെ നിർത്താൻ അവൾ ശ്രമിക്കും. പാട്ട് ആനകൾക്ക് സന്തോഷം നൽകുക മാത്രമല്ല, അവരുടെ ഹൃദയങ്ങളെ മൃദുവാക്കാനും അവരെ കൂടുതൽ സൗമ്യരാക്കാനും സഹായിക്കുന്നു', ലേക്ക് ചൈലേട്ട് കുറിപ്പിൽ വിവരിച്ചു.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധവും ആനകളുടെ വൈകാരികമായ ആരോഗ്യത്തിൽ സംഗീതത്തിനുള്ള സ്വാധീനവും ഈ വീഡിയോ എടുത്തു കാണിക്കുന്നു. ഹൃദയസ്പർശിയായ വീഡിയോക്ക് കമന്റുകളുമായി നിരവധിപ്പേരെത്തി.
തായ്‌ലാൻഡിൽ മൃഗങ്ങളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ പ്രശസ്തയായ ലേക്ക് ചൈലേട്ട് എലിഫന്റ് നാചുറൽ പാർക്കിന്റെ സ്ഥാപകകൂടിയാണ്. താൻ സംരക്ഷിക്കുന്ന ആനകൾക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും ലേക്ക് ചൈലേട്ട് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.
പാട്ട് പാടുന്ന തന്നെ ആന ആലിംഗനംചെയ്യുന്ന വീഡിയോ മുമ്പും അവർ സോഷ്യൽമീഡിയയില് ഷെയർ ചെയ്തിരുന്നു.