മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്റെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളി നടന്‍ ബാല. എലിസബത്തിനെ താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടേ എന്ന് ബാല പ്രതികരിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. എലിസബത്തിനോട് ശത്രുതയില്ലെന്നും ബാല പറഞ്ഞു. ആശുപത്രി കിടക്കയില്‍ നിന്ന് എടുത്ത വിഡിയോയില്‍ ഡോ. എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം
താനും ഭാര്യ കോകിലയും നന്നായി ജീവിച്ചുവരികയാണെന്നും എലിസബത്തും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു. അവരോട് ശത്രുതയേയില്ല. കൂടെ ജീവിച്ചിരുന്ന ആളാണ്. എല്ലാവരും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹം. ആരോപണങ്ങള്‍ തന്റെ കുടുംബത്തേയും ബാധിക്കുന്നുണ്ട്. ഭാവനയില്‍ നിന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്ന് ചോദിച്ച ബാല തനിക്കെതിരെ അവര്‍ ബലാത്സംഗ പരാതി വരെ ഉന്നയിച്ചിട്ടുണ്ടെന്നും താനങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്നാണ് ആശുപത്രി കിടക്കയില്‍ നിന്നുള്ള വിഡിയോയില്‍ ഡോ. എലിസബത്ത് വ്യക്തമാക്കിയത്. നിരവധി പരാതികള്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയിട്ടും നടപടിയുണ്ടായില്ല. തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഡോ. എലിസബത്ത് ഉദയന്‍ ആരോപിച്ചിരുന്നു.