വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പരിഹാസത്തിന് മറുപടിയുമായി ഇലോൺ മസ്ക്. എക്സ് എന്നത് ജനങ്ങൾ ആഖ്യാനം തീരുമാനിക്കുന്ന പ്ളാറ്റ്ഫോമാണെന്ന് മസ്ക് പോസ്റ്റിൽ വ്യക്തമാക്കി.
കമ്യൂണിറ്റി നോട്സ് സംവിധാനം എല്ലാവരെയും തിരുത്തുന്നു. എക്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നിർമിത ബുദ്ധി ഗ്രോക്ക് എല്ലാവരെയും വസ്തുതാപരമായി പരിശോധിക്കുന്നുവെന്നും മസ്ക് വ്യക്തമാക്കി.
‘ഈ പ്ലാറ്റ്ഫോമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ആളുകളാണ്. ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും നിങ്ങൾക്ക് കേൾക്കാം. സമൂഹത്തിന്റെ ഭാഗമായ ആളുകൾ എല്ലാവരെയും തിരുത്തുന്നു. അതിൽ ആർക്കും ഒരു ഇളവുമില്ല. നോട്ടുകൾ, ഡാറ്റ, കോഡ് എന്നിവയെല്ലാം എല്ലാവർക്കും ലഭ്യമാണ്.’ -മസ്ക് കുറിച്ചു.
തുടർച്ചയായ ഇന്ത്യ വിരുദ്ധ പോസ്റ്റുകളിൽ എക്സ് വസ്തുത പരിശോധന (ഫാക്ട് ചെക്കിംഗ്) നടത്തിയതാണ് നവാരോയെ പ്രകോപിപ്പിച്ചത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ലാഭത്തിന് വേണ്ടി മാത്രമല്ല, ഊർജ്ജ സുരക്ഷക്ക് വേണ്ടിയാണെന്നും അത് ഉപരോധങ്ങൾ ലംഘിക്കുന്നില്ലെന്നും നവാരോയുടെ പോസ്റ്റിന് താഴെ എക്സിന്റെ ഫാക്ട് ചെക്ക് ചൂണ്ടിക്കാട്ടി. നവാരോയുടെ നിലപാട് കാപട്യമാണെന്നും ഫാക്ട് ചെക്കിൽ എക്സ് കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പോസ്റ്റുകൾക്ക് താഴെ വന്ന ഫാക്ട് ചെക്ക് കണ്ട നവാരോ എക്സ് പ്ലാറ്റ്ഫോമിനെ രൂക്ഷമായി വിമർശിച്ചു. ഇലോൺ മസ്ക് വ്യാജ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയത് യുക്രെയ്ൻ യുദ്ധത്തിന് ശേഷം മാത്രമാണെന്നും നവാരോ വാദിച്ചു. പോസ്റ്റുകളിൽ വസ്തുത പരിശോധന നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന എക്സിലെ കമ്യൂണിറ്റി ഫീച്ചർ ‘വൃത്തികെട്ട കുറിപ്പാണെന്നും’ നവാരോ വിശേഷിപ്പിച്ചിരുന്നു.