മെയിലുകൾക്ക് മറുപടി അയയ്ക്കാൻ മിസ് ആവില്ല', എഐ അസിസ്റ്റന്റുമായി പെർപ്ലെക്സിറ്റി എഐ

07:58 PM Nov 04, 2025 |


 ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ഇ മെയിലുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ ഇമെയിൽ അസിസ്റ്റന്റ് പുറത്തിറക്കി പെർപ്ലെക്സിറ്റി എഐ. ഈ അസിസ്റ്റന്റ് ജിമെയിലിലും ഔട്ട്‌ലുക്കിലും പ്രവർത്തിക്കും. നിലവിൽ എല്ലാ പെർപ്ലെക്സിറ്റി മാക്സ് ഉപഭോക്താക്കൾക്കും ലഭ്യമാണ്. ഉപയോക്താക്കളുടെ ആശയവിനിമയ ശൈലികൾ അസിസ്റ്റന്റ് മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇമെയിലുകൾ തയ്യാറാക്കുന്നുവെന്നും അവരുടെ ഷെഡ്യൂളുകൾ അടിസ്ഥാനമാക്കി മീറ്റിംഗ് സമയം നിർദ്ദേശിക്കുന്നുവെന്നുമാണ് പെർപ്ലെക്സിറ്റി എഐ അവകാശപ്പെടുന്നത്.

സാധാരണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ നിന്ന് വ്യത്യസ്‍തമായാണ് ഈ അസിസ്റ്റന്‍റ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ ഇമെയിൽ പാറ്റേണുകളിൽ നിന്നും കലണ്ടർ ശീലങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ നൽകാൻ ഇത് പഠിക്കുന്നു. പ്രധാനപ്പെട്ട ഇമെയിലുകൾക്ക് മുൻഗണന നൽകുകയും പ്രതികരണങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നു. മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാനും സഹായിക്കുന്നു. അസിസ്റ്റന്റ് ഉപയോക്തൃ ഡാറ്റയിൽ പരിശീലനം നൽകുന്നില്ലെന്നും വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ GDPR, SOC 2 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പെർപ്ലെക്സിറ്റി പ്രസ്‍താവിച്ചു.

Trending :

പെർപ്ലെക്സിറ്റി മാക്സ് ഉപഭോക്താക്കൾക്ക് അവരുടെ ഏതെങ്കിലും ഇമെയിൽ അക്കൗണ്ടുകളിൽ നിന്ന് assistant@perplexity.com എന്ന വിലാസത്തിലേക്ക് ഒരു ഇമെയിൽ അയച്ചുകൊണ്ട് ഈ എഐ അസിസ്റ്റന്റ് ആക്ടീവാക്കാം. ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, ഇത് ഇൻബോക്‌സുകൾ ഓർഗനൈസ് ചെയ്യുകയും ത്രെഡുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. നിലവിലുള്ള ഇമെയിൽ ത്രെഡുകളിൽ സിസി ചെയ്‌ത് ഉപയോക്താക്കൾക്ക് ഇത് സംഭാഷണങ്ങളിൽ ഉൾപ്പെടുത്താം. ജിമെയിലിലും ഔട്ട്‌ലുക്കിലും അസിസ്റ്റന്റ് ലഭ്യമാണ്. 200 ഡോളർ അല്ലെങ്കിൽ ഏകദേശം 18,000 രൂപയാണ് ഇതിന്‍റെ വില. പെർപ്ലെക്സിറ്റി മാക്സ് സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഇമെയിൽ അസിസ്റ്റന്റ് ലഭ്യമാകുന്നത്. ഇപ്പോൾ 14 ദിവസത്തെ സൗജന്യ ട്രയലിന് കീഴിൽ താൽക്കാലികമായി പ്രോ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകും.