കൊച്ചി: എമ്പുരാന്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നടനും സിനിമയുടെ സംവിധായകനുമായ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. പൃഥ്വിരാജിനെ കൂടാതെ അമ്മയും നടിയുമായ മല്ലികയ്‌ക്കെതിരേയും സംഘപരിവാര്‍ അനുകൂലികള്‍ അശ്ലീല അധിക്ഷേപം നടത്തുകയാണ്.
ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാര്‍ ഇടപെടല്‍ തുറന്നുകാട്ടിയതാണ് പ്രകോപനത്തിന് കാരണം. മോഹന്‍ലാലിനും സൈബറിടങ്ങളില്‍ അധിക്ഷേപം നേരിടേണ്ടിവരികയാണ്.
മോഹന്‍ലാലിന്റെ ലെഫ്റ്റന്റ് കേണല്‍ പദവി തിരിച്ചെടുക്കണം, പൃഥ്വിരാജ് ഹിന്ദുവിരുദ്ധനാണ്, പാകിസ്ഥാനിലേക്ക് പോകണം തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്. പൃഥ്വിരാജ് മുസ്ലീമിന്റെ മകനാണെന്നും മല്ലികയുടേയും സുകുമാരന്റേയും മകനല്ലെന്നും പ്രചരണം നടത്തുന്നുണ്ട്.
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍, ബിജെപി നേതാവ് പി രഘുനാഥ്, സംഘപരിവാര്‍ സംഘടന നേതാക്കളായ ആര്‍ വി ബാബു, പ്രതീഷ് വിശ്വനാഥന്‍, കെ പി ശശികല, സംവിധായകന്‍ രാമസിംഹന്‍, യുവമോര്‍ച്ച നേതാവ് ലസീത പാലക്കല്‍ എന്നിവരും സാമൂഹ്യമാധ്യമത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയവരാണ്.
സിനിമ കാണാന്‍ ആഴ്ചകളോളം കാത്തിരുന്ന് ആദ്യ ഷോയില്‍ തന്നെ കയറിപ്പറ്റിയവരില്‍ വലിയൊരു പങ്കും സംഘപരിവാര്‍ അനുകൂലികളാണ്. എന്നാല്‍, സിനിമയിലെ രംഗങ്ങള്‍ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ആഹ്വാനം നടത്തി.
ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാര്‍ ഇടപെടല്‍ കാണിക്കുന്ന ഒട്ടേറെ സീനുകള്‍ ചിത്രത്തിലുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ പാട്യ കൂട്ടക്കൊലകേസില്‍ ശിക്ഷിക്കപ്പെട്ട ബജ്രംങ് ദള്‍ നേതാവ് ബാബു ബജ്രംഗിയുമായി സാമ്യമുള്ള കഥാപാത്രമാണ് ചിത്രത്തിലെ വില്ലനായ ബാബ ബജ്റംഗ്.