ജമ്മു കശ്മീരിലെ കിഷ്തവാറിൽ ഏറ്റുമുട്ടൽ; ഭീകരവാദികളെ വളഞ്ഞ് സൈന്യം

10:35 AM May 22, 2025 | Kavya Ramachandran

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്തവാറിൽ  സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സുരക്ഷാസേന  പ്രദേശം വളഞ്ഞതോടെ മൂന്ന്-നാല് ഭീകരവാദികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണെന്നാണ് സൂചന. രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

ഒരാഴ്ച മുന്‍പ് പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലെ നാദിര്‍ ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ വ്യത്യസ്ത ഭീകരവിരുദ്ധ നടപടികളില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ വധിച്ചിരുന്നു. ആസിഫ് അഹമ്മദ് ഷേഖ്, അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നീ ഭീകരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.