ഗുവാഹത്തി: മണിപ്പൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വിമത ഗ്രൂപ്പായ യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ)യിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ ഹെങ്ലെപ്പ് സബ്ഡിവിഷനു കീഴിലുള്ള ഖാൻപി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.
മണിപ്പൂരിലെ ചുരാചന്ദ്പുരിൽനിന്ന് ഏകദേശം 80 കിലോമീറ്റർ പടിഞ്ഞാറുള്ള ഖാൻപി ഗ്രാമത്തിലെ സൈനിക സംഘത്തിന് നേരെ തീവ്രവാദികൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും യുകെഎൻഎ ഗ്രൂപ്പും തമ്മിലുണ്ടായ വെടിവെപ്പിൽ നാലുപേരെ വധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വിമതസംഘം നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും മേഖലയിലെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാകുകയും ചെയ്തതിനെത്തുടർന്നാണ് സൈന്യത്തിന്റെ നടപടിയെന്നും നിരപരാധികളായ ജനങ്ങളെ സംരക്ഷിക്കുകയും തീവ്രവാദ ഭീഷണി ഇല്ലാതാക്കുകയുമാണ് ഇന്ത്യൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.