കണ്ണൂർ : എതിർപ്പുകളെയും വിവാദങ്ങളെയും വിമർശനങ്ങളെയും മറികടന്നു കണ്ണൂരിലെ സീനിയർ നേതാവായ ഇ.പി ജയരാജൻ വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിൽ. പ്രായപരിധിയുടെ പേരിൽ ഭാര്യാ സഹോദരിയായ പി.കെ ശ്രീമതി ഒഴിവാക്കപ്പെട്ടപ്പോൾ ഇപിയെ നിലനിർത്താനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചത്.
മധുരയിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന പാർട്ടികോൺഗ്രസിൻ്റെ ഭാഗമായി നടന്ന ബ്രാഞ്ച് സമ്മേളനം മുതൽ സംസ്ഥാന സമ്മേളനം വരെ ഏറെ വിമർശനങ്ങൾ നേരിട്ട നേതാവാണ് ഇ.പി ജയരാജൻ. വൈദേകം റിസോർട്ടിൽ കുടുംബാംഗങ്ങൾക്കുള്ള ഉടമസ്ഥത, ബി.ജെ.പി കേരളാ പ്രഭാരിയായിരുന്ന പ്രകാശ് ജാവദേക്കറുമായി ആക്കുളത്തെ മകൻ്റെ ഫ്ളാറ്റിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച, ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായ വിവാദങ്ങൾ, ഏറ്റവും ഒടുവിൽ ആത്മകഥയെഴുതിയതിൻ്റെ ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതുവരെ ഇപിക്കെതിരെ ഒളിയമ്പുകളായി ഉയർന്നുവന്നു.
പാർട്ടിയിൽ തന്നെക്കാൾ ഏറെ ജുനിയറായ എം.വി ഗോവിന്ദനെ കോടിയേരി ബാലകൃഷ്ണൻ്റ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാക്കിയതിൻ്റെ അതൃപ്തിയിലായിരുന്നു ഇ.പി ജയരാജൻ. പകരം എൽ.ഡി.എഫ് കൺവീനർ സ്ഥാനം പാർട്ടി നൽകിയെങ്കിലും ആലങ്കാരികമായ പദവി ഏറ്റെടുക്കാൻ ഇപി ജയരാജന് താൽപര്യമുണ്ടായിരുന്നില്ല കണ്ണൂരിൽ ഒതുങ്ങി കൊണ്ടായിരുന്നു എൽ.ഡിഎഫ് കൺവീനറുടെ പ്രവർത്തനങ്ങൾ.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ സംസ്ഥാന ജാഥയിൽ നിന്നു വരെ അദ്ദേഹം വിട്ടു നിന്നത് വിവാദമായി. ഒടുവിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ പി തെറിച്ചു. ഇതിനിടെയിൽ വൈദേകം റിസോർട്ടിലെ കുടുംബത്തിൻ്റെ ഓഹരി ഉടമസ്ഥതയെ കുറിച്ചു സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആരോപണമുന്നയിച്ചത് കുനിൻ മേൽ കുരുവായി മാറി.
പ്രകാശ് ജാവേദ്ക്കർ , ശോഭാ സുരേന്ദ്രൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയെ ചൊല്ലി ഇ.പി ജയരാജൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം പാർട്ടിക്കുള്ളിൽ നിന്നു പോലുമുണ്ടായി. ഇത്തരം പ്രതിസന്ധികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായി തള്ളി പറയാതെ രഹസ്യമായി പിൻതുണച്ചതാണ് ഇപി ജയരാജന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വീണ്ടും തിരിച്ചു വരാൻ കളമൊരുക്കിയത്.