എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം ; അമ്മായിയമ്മയ്ക്കും മരുമകൾക്കും പൊള്ളലേറ്റു

02:35 PM Oct 21, 2025 | Neha Nair

എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം. അമ്മായിയമ്മയ്ക്കും മരുമകൾക്കും പൊള്ളലേറ്റു.ചെറായി പള്ളിപ്പുറത്ത് പണ്ടാരപ്പറമ്പിൽ വീട്ടിൽ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്. കമലത്തെ നോർത്ത് പറവൂർ സർക്കാർ ആശുപത്രിയിലും സാരമായി പൊള്ളലേറ്റ അനിതയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്നതിനിടെ തീ പടർന്ന് കമലത്തിനാണ് ആദ്യം പൊള്ളലേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരുമകളായ അനിതയ്ക്ക് പൊള്ളലേറ്റത്. നാട്ടുകാർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് തീ അണക്കാനുള്ള ഉപകരണം കൊണ്ടുവന്ന് തീ അണച്ചുവെങ്കിലും ഗ്യാസ് ലീക്ക് നിർത്താൻ കഴിഞ്ഞില്ല. പിന്നീട് പറവൂരിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് ഗ്യാസ് ലീക്ക് ഒഴിവാക്കി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മുനമ്പം പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.