ലണ്ടൻ: യു.കെയിലെ വോൾവർഹാംപ്റ്റൺ റെയിൽവേ സ്റ്റേഷന് പുറത്ത് രണ്ട് വയോധികരായ സിഖ് വംശജരെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വംശീയാതിക്രമമാണ് ഇരുവർക്കുമെതിരെ നടന്നതെന്ന് യു.കെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മർദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വയോധികരിൽ ഒരാൾ റെയിൽവേസ്റ്റഷന് പുറത്തെ റോഡിൽ കിടക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
അദ്ദേഹത്തിന്റെ തലപ്പാവ് അരികിലുണ്ടായിരുന്നു. മറ്റൊരു വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്രൂരമായ മർദനത്തിന് സാക്ഷിയായ ഒരു സ്ത്രീയാണ് സംഭവം പകർത്തിയത്. വെള്ളക്കാരായ യുവാക്കളാണ് സിഖ് വംശജരായ വയോധികരെ മർദിച്ചതെന്നും മർദനത്തിന് മുമ്പ് രണ്ടുപേരോടും നിങ്ങൾക്കെന്ത് ചെയ്യാൻ കഴിയുമെന്ന് അക്രമികൾ ചോദിച്ചതായും സംഭവം പകർത്തിയ സ്‍ത്രീ പറയുന്നു.
മർദനത്തിൽ പരിക്കേറ്റ വയോധികരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. 17, 19, 25 വയസ് പ്രായം തോന്നിക്കുന്നവരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വംശീയാതിക്രമത്തിൽ ഇന്ത്യയിലെ സിഖ് നേതാക്കളും യു.കെയിലെ സിഖുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സിഖ് ഫെഡറേഷനും അപലപിച്ചു. അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ശിരോമണി അകലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ എക്സിൽ കുറിച്ചു. എന്തുകാരണം പറഞ്ഞാലും സിഖുകാരന്റെ തലപ്പാവ് ബലംപ്രയോഗിച്ച് അഴിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബാദൽ കുറിച്ചു. യു.കെയിലെ സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.