ബെംഗളൂരുവില്‍ പോണ്ടിച്ചേരിയിലേക്ക് വിനോദയാത്രയ്ക്ക് പോകാന്‍ തയ്യാറെടുത്ത കുടുംബം ജീവനൊടുക്കിയ നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ അനൂപ് കുമാറിന്റെയും ഭാര്യയായ രാഖിയേയും ഇവരുടെ രണ്ട് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനൂപ് കുമാര്‍ ബെംഗളൂരുവിലെ ഒരു കമ്പനിയില്‍ സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഇവരുടെ മൂത്ത കുട്ടിയായ അനുപ്രിയ(5) ഭിന്നശേഷിയുള്ള കുട്ടിയാണ്. അനുപ്രിയക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷമാണ് ഇവര്‍ സ്വയം ജീവനൊടുക്കിയത്. വിനോദയാത്രയ്ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്.
വീട്ടുജോലിക്ക് സഹായിയായി വരാറുള്ള സത്രീ രാവിലെ വീട്ടിലെത്തി വാതില്‍ കൊട്ടിയിട്ടും തുറക്കാതെ വന്നതോടെ അയല്‍ക്കാരെ വിളിച്ച് വീട്ടുകാരെ പറ്റി തിരക്കുകയായിരുന്നു. ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി വാതില്‍ ബലമുപയോഗിച്ച് തുറന്നപ്പോഴാണ് മരണവിവരം പുറത്ത് അറിയുന്നത്. കുടുംബത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് അയല്‍കാര്‍ അറിയിച്ചത്. എന്നാല്‍ ഭിന്നശേഷിക്കാരിയായ മകള്‍ അനുപ്രിയയുടെ അവസ്ഥയില്‍ കുടുബം അസ്വസ്ഥമായിരുന്നുവെന്നും കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും വീട്ടിലെ സഹായി അറിയിച്ചു. അതേ സമയം, പോകാനായി ബാഗുകളെല്ലാം തയ്യാറാക്കി വെച്ച ശേഷമാണ് ജീവനൊടുക്കിയതെന്നത് ശ്രദ്ധേയമാണ്