മത സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം; കോണ്‍ഗ്രസ് നിലപാടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം

06:50 AM Jul 01, 2025 |


കോണ്‍ഗ്രസ് നിലപാടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. മത സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയമിറക്കി. ഇത് അപകടകരമാണെന്നും നെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തെന്നും പ്രമേയത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.

ബിജെപിയും സിപിഐഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നുവെന്നും വിമര്‍ശനമുണ്ട്. 'വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത്. വ്യക്തി അധിഷ്ഠിത രാഷ്ട്രീയം നടത്തുന്നവരെ മുന്നണി പുറത്തു നിര്‍ത്തണം. തിരഞ്ഞെടുപ്പ് വിജയം ഒരുമയുടെയും കൂട്ടായ്മയുടെയും എന്ന ബോധ്യം വേണം', പ്രമേയത്തില്‍ പറയുന്നു.

പഠന ക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വിമര്‍ശനമുണ്ടായിരുന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു പാലക്കാട് ജില്ലയില്‍ നിന്നുള്ള ഭാരവാഹി ഉയര്‍ത്തിയ ആവശ്യം. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും പ്രതിനിധി ചൂണ്ടിക്കാണിച്ചു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്ന രൂക്ഷവിമര്‍ശനവും പഠന ക്യാമ്പില്‍ ഉയര്‍ന്നു. നേതാക്കള്‍ അപഹാസ്യരാകരുതെന്ന് പ്രമേയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.

ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടെന്നും വിമര്‍ശനം ഉയര്‍ന്നു. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയെന്നും ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു.