
ആലപ്പുഴ : കഞ്ചാവ് കേസിൽ യു. പ്രതിഭ എം.എൽ.എയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിൻറെ പേര് ചേർത്തിട്ടില്ല. ഒമ്പത് പേര് പ്രതി ചേർക്കപ്പെട്ട കേസിലെ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കുകയാണ് ചെയ്തത്. കേസിലെ ഒൻപതാം പ്രതിയായിരുന്നു കനിവ്. കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസ് പറയുന്നത്.
നേരത്തെ കേസിലെ സാക്ഷികൾ മൊഴി മാറ്റിയിരുന്നു. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമീഷണർക്ക് കൈമാറിയിരുന്നു.
ഡിസംബർ 28ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയിൽനിന്ന് കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥൻറെയും ഇവരെ പിടികൂടിയ ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ഈ വസ്തുതകൾ വിശദീകരിച്ചാണ് റിപ്പോർട്ട് നൽകിയത്.
കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിചേർത്തതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എം.എൽ.യുടെ മകനടക്കമുള്ളവരെ വൈദ്യപരിശോധനക്ക് കൊണ്ടുപോയിരുന്നില്ല. കനിവ് കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനകളും നടത്തിയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.