+

കണ്ണൂർ നഗരത്തിൽ പെരുമ്പാമ്പ് കയറിക്കൂടിയത് കാറിന്റെബോണറ്റിനുള്ളിൽ; ‘മാർക്ക്’ പ്രവർത്തകരെത്തി പെരുമ്പാമ്പിനെ പിടികൂടി

സ്റ്റാൻഡിലെ കാർ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. പള്ളിക്കുന്നിൽനിന്ന്‌ പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ടശേഷം പുറത്തേക്ക് പോയതായിരുന്നു. തിരികെയെത്തിയ ഇദ്ദേഹത്തോട് പരിസരത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടതായും പിന്നീട് പാമ്പ് കാറിനുള്ളിൽ കയറിയതായും പറഞ്ഞത്.

കണ്ണൂർ : കണ്ണൂർ നഗരത്തിലെ താവക്കര പുതിയ ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. സ്റ്റാൻഡിലെ കാർ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. പള്ളിക്കുന്നിൽനിന്ന്‌ പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ടശേഷം പുറത്തേക്ക് പോയതായിരുന്നു. തിരികെയെത്തിയ ഇദ്ദേഹത്തോട് പരിസരത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടതായും പിന്നീട് പാമ്പ് കാറിനുള്ളിൽ കയറിയതായും പറഞ്ഞത്. ചൊവ്വാഴ്ച്ച വൈകിട്ട് കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം.

സംഭവമറിഞ്ഞ് ബസ് യാത്രക്കാരുൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാരും സമീപത്തെ കടക്കാരും ഡ്രൈവർമാരും തിരച്ചിൽ തുടങ്ങിയെങ്കിലും പാമ്പിന്റെ പൊടിപോലും കണ്ടെത്താനായില്ല. പിന്നീട് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിലായി തിരച്ചിൽ. ഇതിനിടെ യുവാക്കൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം തുടങ്ങി. വിവരമറിയിച്ചതിനെത്തുടർന്ന് മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് (‘മാർക്ക്’) പ്രവർത്തകരായ റിയാസ് മാങ്ങാട്, സന്ദീപ്, ജിഷ്ണു എന്നിവർ സ്ഥലത്തെത്തി. ഇവർ ഏറെ വൈകാതെ പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കി. സംഭവം നടന്ന് അരമണിക്കൂറിനുശേഷം പാമ്പിനെ പുറത്തെടുത്തതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്.

facebook twitter