പ്രവാസി സമൂഹം രാജ്യത്തിന്റെ വലിയ കരുത്ത്‌ : വി മുരളീധരൻ

08:26 PM Jan 10, 2025 | AVANI MV

പ്രവാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയവും നിലപാടുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രവാസം, അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുമ്പോൾ അത് വ്യക്തിക്കും രാജ്യത്തിനും ഗുണം ചെയ്യും. പ്രവാസി സമൂഹം രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി കാണുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്.  

നമ്മുടെ രാജ്യം ആഗോളതലത്തിൽ മനുഷ്യ ശേഷിയുടെ തലസ്ഥാനമായി മാറണം എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹത്തോടും അതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളോടും ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കാനാകുക പ്രവാസി സമൂഹത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിൽ പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ പ്ലീനറി സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

പ്രവാസവുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യവും സുരക്ഷിതവുമാകുന്നതിനുള്ള നടപടികൾ മോദി സർക്കാരിന് കീഴിൽ ഉണ്ടായെന്ന് മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. റിക്രൂട്ടിങ് ഏജൻസികളുടെ കാര്യത്തിൽ വിദേശകാര്യമന്ത്രാലയത്തിനും എംബസികൾക്കും ഒപ്പം സംസ്ഥാന സർക്കാരുകൾക്കും കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.