സൗദിയില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് മൂന്ന് വിഭാഗമാക്കി

02:55 PM Jul 08, 2025 | Suchithra Sivadas

തൊഴില്‍ നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ തൊഴിലാളികളെ ഉന്നത വൈദഗ്ധ്യം, നൈപുണ്യം, അടിസ്ഥാന പരിജ്ഞാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഇനി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
തൊഴില്‍ നൈപുണ്യത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും പ്രായോഗിക പരിചയത്തിന്റെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിലുള്ള തരം തിരിവ് പ്രകാരം മൂന്നാമത്തെ അടിസ്ഥാന വിഭാഗത്തില്‍പെടുന്നവര്‍ക്ക് 60 വയസുകഴിഞ്ഞാല്‍ ജോലി നഷ്ടപ്പെടും. കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് തരംതിരിവ്.
രണ്ട് ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പാക്കുക. ഈ വര്‍ഷം ജൂലൈ ആറ് മുതല്‍ ആരംഭിച്ച ആദ്യഘട്ടത്തില്‍ നിലവില്‍ രാജ്യത്തുള്ള തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ ശമ്പളത്തിന്റെയും ജോലിയുടെയും അടിസ്ഥാനത്തില്‍ തരംതിരിക്കും. ആഗസ്റ്റ് മൂന്ന് മുതലുള്ള രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ പുതുതായി എത്തുന്നവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് തരംതിരിക്കുക. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു വിഭാഗത്തില്‍നിന്ന് അടുത്ത വിഭാഗത്തിലേക്ക് മാറാന്‍ സാധിക്കും.