+

ലോര്‍ഡ്‌സില്‍ കരുണ്‍ നായര്‍ ഇംഗണ്ടിന് വിജയത്തിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു, ആഞ്ഞടിച്ച് രവി ശാസ്ത്രി, ഇനി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടായേക്കില്ല

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണക്കാരന്‍ കരുണ്‍ നായരാണെന്ന് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണക്കാരന്‍ കരുണ്‍ നായരാണെന്ന് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാവുന്ന ഒരു ടോട്ടലായിട്ടും വിക്കറ്റ് വലിച്ചെറിഞ്ഞ കരുണ്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടെന്നും ഇത് തോല്‍വിക്കിടയാക്കിയെന്നുമാണ് ശാസ്ത്രിയുടെ നിരീക്ഷണം.

രണ്ടാം ഇന്നിങ്‌സില്‍ 193 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 170 റണ്‍സിന് ഓള്‍ ഔട്ടായി. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടായായ രവി ശാസ്ത്രി, ഈ മത്സരത്തിലെ തോല്‍വിക്ക് കാരണമായ രണ്ട് നിര്‍ണായക ഘട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. റിഷഭ് പന്തിന്റെ റണ്‍ ഔട്ടും കരുണ്‍ നായരുടെ എല്‍.ബി.ഡബ്ല്യു വിക്കറ്റും ആണ് പ്രധാന കാരണമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.

ലോര്‍ഡ്‌സില്‍, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 387 റണ്‍സ് നേടി. ഇന്ത്യയും തങ്ങളുടെ ആദ്യ ഇന്നിംഗ്‌സില്‍ 387 റണ്‍സില്‍ അവസാനിപ്പിച്ചു. കെ.എല്‍. രാഹുല്‍ (99), റിഷഭ് പന്ത് (74) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തിലായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. എന്നാല്‍, മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് റിഷഭ് പന്ത്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്‍ ഔട്ടായത് മത്സരത്തിന്റെ ഗതി മാറ്റി. അത് ഒരു നിര്‍ണായക നിമിഷമായിരുന്നു. ഇന്ത്യ ലീഡ് നേടേണ്ട സമയത്ത് പന്തിന്റെ വിക്കറ്റ് നഷ്ടമായത് ടീമിനെ പ്രതിരോധത്തിലാക്കിയെന്ന് രവി ശാസ്ത്രി പറഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍, 193 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41-1 എന്ന നിലയിലായിരുന്നു. കെ.എല്‍. രാഹുലിനൊപ്പം ബാറ്റ് ചെയ്തിരുന്ന കരുണ്‍ നായര്‍ (14) നാലാം ദിനത്തില്‍ ഇംഗ്ലണ്ട് പേസര്‍ ബ്രൈഡന്‍ കാര്‍സിന്റെ ഒരു 'നോതിംഗ് ബോള്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട പന്ത് കളിക്കാതെ വിട്ടു. കരുണ്‍ എല്‍.ബി.ഡബ്ല്യു ആയി. ഒരു വലിയ ശ്രദ്ധക്കുറവായിരുന്നു അതെന്ന് ശാസ്ത്രി പറയുന്നു. ആ വിക്കറ്റ് ഇംഗ്ലണ്ടിന് വാതില്‍ തുറന്നുകൊടുത്തെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ വിക്കറ്റിന് ശേഷം ഇന്ത്യ 42-2 ല്‍ നിന്ന് 82-7 എന്ന നിലയിലേക്ക് തകര്‍ന്നു.

മത്സരം തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍, രവീന്ദ്ര ജഡേജ (61*) ഒറ്റയ്ക്ക് പോരാടിയെങ്കിലും ജയം കണ്ടില്ല. ശാസ്ത്രി, മത്സരത്തിന്റെ നിര്‍ണായക ഘട്ടങ്ങളെ വിശകലനം ചെയ്തു. നാലാം ദിനം അവസാനം, ടോപ് ഓര്‍ഡര്‍ കുറച്ചുകൂടി ശക്തമായ മാനസിക നിലപാട് കാണിച്ചിരുന്നെങ്കില്‍, ഈ മത്സരം ഇന്ത്യയുടേതായേനെയെന്ന് അദ്ദേഹം പറഞ്ഞു. 2021-ലെ ലോര്‍ഡ്‌സ് ടെസ്റ്റുമായി താരതമ്യം ചെയ്ത ശാസ്ത്രി, ആ മത്സരത്തില്‍ ഇന്ത്യ 151 റണ്‍സിന്റെ വിജയം നേടിയതിനെ ഓര്‍മ്മിപ്പിച്ചു.
 

facebook twitter