+

വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കും: സി. സദാനന്ദന്‍ മാസ്റ്റര്‍ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും നിയുക്ത രാജ്യസഭാംഗവുമായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാര്‍ജിയുടെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

 കണ്ണൂര്‍:  ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും നിയുക്ത രാജ്യസഭാംഗവുമായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാര്‍ജിയുടെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എല്ലാ മേഖലയിലും വികസനം എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്ന് പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കണ്ണൂര്‍ നോര്‍ത്ത്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഒരു ദൗത്യം താങ്കളെ ഏല്‍പ്പിക്കുകയാണെന്നും അത് ഏറ്റെടുക്കണമെന്നുമുളള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത് വികസിത ഭാരതം, കേരളം എന്ന ലക്ഷ്യത്തിനാകും ഇനിയുളള നാളുകളില്‍ തന്റെ പ്രവര്‍ത്തനം. രാഷ്ട്രത്തിന്റെ പരമവൈഭവം, സമൂഹത്തിന്റെ സര്‍വ്വോന്നതി, അവസാനത്തെയാള്‍ക്കും ക്ഷേമം എത്തിക്കുകയെന്ന സംഘദര്‍ശനം മോദിജി തന്നെ ഏല്‍പ്പിച്ച ദൗത്യ പൂര്‍ത്തികരണത്തിന് സഹായമാകുമെന്നു തന്നെയാണ് പ്രതീക്ഷ. ഗര്‍ഭസ്ഥ ശിശുവിന് മുതല്‍ വന്ദ്യ വയോധികന് വരെ ഉപകാരപ്പെടുന്ന പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. 

എന്റെ പ്രവര്‍ത്തനം എന്താണെന്നും ഞാനാരാണെന്നും എന്നെ നിയോഗിച്ചവര്‍ക്ക് അറിയാം. ആരുടെ സമ്മതവും വേണ്ട, നാടിനെ സേവിക്കുന്നവരുടെ ആശിര്‍വാദം മാത്രം തനിക്ക് മതിയെന്നും അത് ലഭിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാമ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നും വിമര്‍ശിക്കുന്നവര്‍ക്കും നല്ലത് വരട്ടെയെന്നും സാദനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ വീണ്ടും വിണ്ടുകീറി പരിശോധിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്മാറണം. ഇനിയൊരു മുറിവുണ്ടാകരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു സഹോദരന്മാരുടെ മനസ്സും അസ്വസ്ഥമാകരുത്, കുടുംബങ്ങളുടെ കണ്ണീരിനിയുണ്ടാവരുത്. നാട് ശാന്തിയുടെ, സമാധാനത്തിന്റെ, സ്വച്ഛതയുടെ നാടായി മാറണമെന്നും അദ്ദേഹം പറഞ്ഞു. 

പുഷ്പാര്‍ച്ചനയിലും സ്വീകരണ ചടങ്ങിലും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയ സമിതിയംഗങ്ങളായ സി. രഘുനാഥ്, പി.കെ. വേലായുധന്‍, ബിജെപി നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

facebook twitter