ചക്കരക്കൽ : സഹകരണ സംഘത്തിലെ നിക്ഷേപ തുകയിൽ നിന്നും സാമ്പത്തിക തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ സെക്രട്ടറി അറസ്റ്റിൽ ഇരിവേരി കക്കോത്ത് സ്വദേശി ഇ കെ ഷാജിയെയാണ് എർണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നും പൊലിസ് പിടികൂടിയത്. സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരെ ഓഡിറ്റ് ജോയൻ്റ് ഡയറക്ടറുടെ പരാതിയിൽ ചക്കരക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനെ തുടർന്ന് സെക്രട്ടറിയായ ഷാജി കോടതിയിൽ ഹാജരായി മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നു.
ഇതു കോടതി തള്ളിയതിന് പിന്നാലെ ഇരുവരെയും അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങൾ പൊലിസ് ഊർജ്ജിതമാക്കിയിരുന്നു.. ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഡിസ്ട്രിക് ബിൽഡിങ് മെറ്റീരിയൽസ് സഹകരണ സൊസൈറ്റി സെക്രട്ടറി ഇ.കെ ഷാജി, അറ്റൻഡർ പാതിരയാട് പടുവിലായിയിലെ കെ. കെ. ശൈലജ എന്നിവർക്കെതിരെയാണ് ജില്ലാ കോ ഓപ്പറേറ്റീവ് ഓഡിറ്റ് വിഭാഗം ജോയൻ്റ് ഡയറക്ടർ പി.വി വത്സ രാജിൻ്റെ പരാതിയിൽ കഴിഞ്ഞ മാസം ചക്കരക്കൽ പൊലിസ് കേസെടുത്തത്.
പരാതിക്കാരൻ്റെ കീഴിലുളള ഓഡിറ്റിങ് സ്റ്റഫ് നടത്തിയ 2023 - 24 സാമ്പത്തിക വർഷത്തിലെ ഓഡിറ്റിങ്ങിൽ സൊസൈറ്റി മെമ്പർമാരിൽ നിന്നും സ്വീകരിച്ച നിക്ഷേപ തുകയിൽ നിന്നും. സെക്രട്ടറിയുടെ ചുമതല വഹിച്ച ഒന്നാം പ്രതി 7,83,98, 121 രൂപയും രണ്ടാം പ്രതിയായ അറ്റൻഡർ 2, 10 ,6530 രൂപയും കൈവശപ്പെടുത്തി നിക്ഷേപകർക്ക് പണം തിരിച്ചു നൽകാതെ വിശ്വാസവഞ്ചന ചെയ്തുവെന്നാണ് പരാതി. ചക്കരക്കൽ സി.ഐ ഇ 'എസ് ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രവീൺ പുതിയാണ്ടി , പ്രേമരാജൻ,'സ്നേഹോഷ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.