ഒരു കപ്പിന് 87000 രൂപ; ഇതാണ് ലോകത്തെ ഏറ്റവും വിലയേറിയ കോഫി

06:15 PM Nov 04, 2025 |


കാപ്പികുടി പലരുടെയും  ശീലമാണ് . ആഗോള തലത്തില്‍ വലിയ സ്വീകാര്യതയുള്ള പാനീയമാണിത്  . എന്നാല്‍ ഇന്നത് മനുഷ്യരുടെ കരകൗശലവും ശാസ്ത്രവും ആഡംബരവുമെല്ലാം ചേര്‍ന്ന് വലിയൊരു സംഭവമായി മാറിക്കഴിഞ്ഞു. പത്തോ പന്ത്രണ്ടോ രൂപയ്ക്ക് കിട്ടുന്ന തനി നാടന്‍ കാപ്പിയില്‍ തുടങ്ങി ആഡംബര തീന്‍ മേശയിലെ വിലയേറിയ കപ്പില്‍ നിറച്ച പതഞ്ഞുപൊങ്ങുന്ന ആഡംബര പാനീയമായി കാപ്പി പരിവര്‍ത്തനം ചെയ്യപ്പെട്ടു.


ദുബായിലെ ജൂലിത് എന്ന ബുട്ടീക്ക് കഫേയിലാണ് ലോകത്തെ ഏറ്റവും ചെലവേറിയ ഒരു കപ്പ് കാപ്പി വിളമ്പുന്നത്. 3600 ദിര്‍ഹം അതായത് 87000 രൂപ. ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്ന നിഡോ 7 ഗെയ്ഷ എന്ന കാപ്പി. കേവലം പാനീയമായല്ല ഒരിക്കല്‍ മാത്രം ആസ്വദിക്കാവുന്ന ഒരു രുചിയായാണ് ഈ കാപ്പിയെ അവതരിപ്പിക്കുന്നത്.

Trending :

റസ്‌റ്റോറന്റിന്റെ അത്യാഡംബരമോ അത് വിളമ്പിയ കപ്പിന്റേയോ ആളിന്റെയോ മൂല്യമോ അല്ല ഈ വിലയ്ക്ക് കാരണം, ആ കാപ്പിക്കുരുവിന്റെ സവിശേഷതയാണ്.

പനാമയില്‍ നിന്നുള്ള ഒരു പ്രീമിയം കാപ്പിക്കുരുവാണ് നിഡോ 7 ഗെയ്ഷ. ഉയര്‍ന്ന ഗുണമേന്മാ-നിലവാരത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ നേടിയ, വളരെ പരിമിതമായ അളവ് മാത്രം ലഭ്യമായ ലോകത്തെ ഏറ്റവും വിലയേറിയ കാപ്പിക്കുരു. അങ്ങനെയാണ് ഇത് ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

പനാമയിലെ ഹസീന്‍ഡ ലാ എസ്‌മെറാള്‍ഡ (Hacienda La Esmeralda) എന്ന ഫാമില്‍ നിന്നാണ് ഈ കാപ്പിപ്പൊടി വരുന്നത്. 2004 ല്‍ ഈ കാപ്പിക്കുരുവിനെ തിരിച്ചറിയുകയും പ്രചാരം നല്‍കുകയും ചെയ്ത ഫാം ആണിത്. എത്യോപ്യയില്‍ വേരുകളുള്ള ഈ കാപ്പി 1930 കളില്‍ കോസ്റ്റ റിക്കയിലേക്കും പിന്നീട് പനാമയിലേക്കും എത്തി. ബറൂ അഗ്‌നിപര്‍വതത്തിനടുത്തുള്ള ചിക്വിരി ഹൈലാന്‍ഡ്‌സില്‍ 1,800-2,000 മീറ്റര്‍ ഉയരത്തിലുള്ള ഭൂപ്രദേശത്തെ തോട്ടത്തിലാണ് ഇത് വളരുന്നത്. ഏകദേശം 20 കിലോഗ്രാം കാപ്പിക്കുരുമാത്രമേ ലോകത്ത് നിലവിലുള്ളൂ. ജൂലിത് കഫെ ഏകദേശം 2.2 ദശലക്ഷം ദിര്‍ഹത്തിന് (5.3 കോടി രൂപ) ഈ തോട്ടത്തിലെ മുഴുവന്‍ കാപ്പിയും വാങ്ങി. ഈ ലേലം അന്ന് വലിയ വാര്‍ത്തയായി. അതിലോലവും ജാസ്മിന്‍, സിട്രസ്, തേന്‍, സ്‌റ്റോണ്‍ ഫ്രൂട്ട് എന്നിവയുടെയെല്ലാം രുചിയടങ്ങുന്നതുമാണ് ഈ കോഫിയെന്നും. അത് ഒറ്റയടിക്ക് വിഴുങ്ങാനുള്ളതല്ല മറിച്ച് വളരെ പതിയെ ആസ്വദിച്ച് രുചിയറിഞ്ഞ് കഴിക്കാനുള്ളതാണെന്നാണ് രുചി വിദഗ്ദര്‍ പറയുന്നത്.

അല്‍ ഖുവോസിലാണ് ജൂലിത് ബുട്ടീക് കഫെ സ്ഥിതി ചെയ്യുന്നത്. വന്‍ വില കൊടുത്ത് ഡീഗോ 7 ഗെയ്ഷ രുചിച്ചറിയാന്‍ ജൂലിത് അവസരം നല്‍കുന്നു. അതെങ്ങനെ രുചിക്കണമെന്നും ഈ കാപ്പിയുടെ കഥയും ചരിത്രവും പറഞ്ഞു നല്‍കാനും പ്രത്യേകം ആളുകളുണ്ടാവും വെറും 400 കപ്പ് കോഫി മാത്രമെ ഇവിടെ വിറ്റഴിക്കുകയുള്ളൂ എന്നതും ഈ കോഫിയെ 'എക്ലൂസീവ് ഐറ്റം' ആക്കി മാറ്റുന്നു.