ഭാര്യയുടെ വിവാഹേതര ബന്ധത്തിൻറെ പേരിൽ യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഹജ്‍രാത്പൂരിലാണ് സംഭവം. 29 കാരനായ സോഹിത് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യ തമന്ന (20)യ്ക്കും കാമുകനും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
തമന്നയുടെയും സോഹിതിന്റെയും പ്രണയ വിവാഹമായിരുന്നു. പഠനത്തിനായി ഡൽഹിയിലേക്ക് പോയ തമന്ന കസിനുമായി അടുത്തതാണ് സോഹിത്തിന്റെ ആത്മഹത്യയ്ക്ക് കാരണം. മരണത്തിന് മുൻപ് കാര്യങ്ങൾ പറഞ്ഞുള്ള 15 മിനുട്ട് വിഡിയോ സോഹിത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിൽ ഭാര്യയ്ക്ക് അവരുടെ കസിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട്.
‘അവൾ സർക്കാർ ജോലിക്ക് ആഗ്രഹിച്ചു. അതിനുവേണ്ടിയുള്ള എല്ലാ ചെലവുകളും ഞാൻ വഹിച്ചു. പഠനത്തിനായി ഡൽഹിക്ക് അയച്ചു. പക്ഷെ തമന്ന എന്നെ ചതിക്കുകയായിരുന്നു. അവളുടെ കസിനൊപ്പം ജീവിക്കാനായിരുന്നു അവൾ ആഗ്രഹിച്ചത്. അവർ തമ്മിൽ ലൈംഗിക ബന്ധമുണ്ടായിരുന്നു. ഇത് പിന്നീടാണ് ഞാൻ അറിയുന്നത്. അവൾ ആറുമാസം മുൻപാണ് ഡൽഹിയിലേക്ക് പഠിക്കാൻ പോയത്. പിന്നീട് മടങ്ങി വന്നിട്ടില്ലെ’ എന്നാണ് വിഡിയോയിൽ പറയുന്നത്.
ഭാര്യയും കാമുകനും തമ്മിലുള്ള ചാറ്റിൻറെ ദൃശ്യങ്ങളും സോഹിത് പങ്കുവച്ചു. വിവാഹബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്നും ഒരു ദിവസം റോഡരികിൽ വെച്ച് തോക്ക് ചൂണ്ടിയെന്നും മരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും സോഹിത് വിഡിയോയിൽ പറഞ്ഞു.