കുവൈത്തില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അടുത്ത തിങ്കളാഴ്ചയോടെ പരമാവധി താപനില 52 ഡിഗ്രി സെല്‍ഷ്യസില്‍ എത്താനാണ് സാധ്യത. ഈ മാറ്റം ഉപരിതലത്തിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനാലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ താപനിലയില്‍ സ്ഥിരമായ ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ 44 ഡിഗ്രി സെല്‍ഷ്യസായിരിക്കും പരമാവധി താപനില. പിന്നീട് ഇത് ക്രമേണ 48 ഡിഗ്രിയിലേക്ക് ഉയരുമെന്നും അല്‍ അലി പറഞ്ഞു. കാറ്റിന്റെ ദിശ തെക്കുകിഴക്കില്‍ നിന്നും വടക്കുപടിഞ്ഞാറോട്ടേക്ക് മാറാനാണ് സാധ്യത.
ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരമാവധി 50 ഡിഗ്രിയും ഞായറാഴ്ച 51 ഡിഗ്രിയും, തിങ്കളാഴ്ച 52 ഡിഗ്രിയും ആണ് പ്രതീക്ഷിക്കുന്നത്. ചൂടും ഈര്‍പ്പവുമുള്ള കാറ്റ് ചൂട് കൂടുതല്‍ കഠിനമാക്കും