ഇതുവരെ മദ്യപിക്കാത്ത തന്നെ മദ്യപാനിയാക്കി ചിത്രീകരിച്ചു, എസ്.ഐയും ഡ്രൈവറും റിമാൻഡിലക്കുമെന്ന് ഭീഷണിപ്പെടുത്തി; വളപട്ടണം പൊലിസിന്റെ ക്രൂരത വിവരിച്ച് എഴുത്തുകാരന്‍ ഇയ്യ വളപട്ടണത്തിന്റെ വൈറൽ കുറിപ്പ്

11:13 AM Jul 07, 2025 | AVANI MV

വളപട്ടണം: വയോധികനായ വഴി യാത്രക്കാരനെ റോഡു മുറിച്ചു കടക്കാൻ സഹായിക്കാൻ അഭ്യർത്ഥിച്ചതിന് എഴുത്തുകാരൻ ഇയ്യ വളപട്ടണത്തിനെതിരെ പൊലിസ് അതിക്രമം നടത്തിയെന്ന് പരാതി.ഇയ്യ തന്നെയാണ് ഈ കാര്യം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറഞ്ഞത്. ഇയ്യ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ് പൊലിസ് ക്രൂരതയ്ക്കെതിരെ നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

Trending :

കേരള ഗവർണർ കണ്ണൂരിലെത്തിയ കഴിഞ്ഞ അഞ്ചിന് വൈകിട്ടാണ് സംഭവം. നടക്കാൻ പ്രയാസപ്പെടുന്ന ഒരാളെ റോഡ് മുറിച്ചു കടത്തേണ്ട കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനോട് സൗമ്യമായ ഭാഷയിൽ ഇയ്യ പറയുകയായിരുന്നു. ഇതോടെയാണ് പൊലിസുകാരൻ പ്രകോപിതനായത്. ഗവർണർ തളിപ്പറമ്പിലേക്ക് കടന്നുപോകുന്നതിൻ്റെ സുരക്ഷയ്ക്കായാണ് പൊലിസുകാരൻ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇയ്യ പറയുന്നത്. ഒരൊറ്റ വാഹനം പോലും നിരത്ത് മുറിച്ചു കടക്കാൻ വി.വി.ഐ.പി ഡ്യൂട്ടി കാരണം പൊലിസ് അനുവദിച്ചിരുന്നില്ല തൻ്റെ അഭ്യർത്ഥന കേട്ട പ്രകോപിതരായ പൊലിസുകാരനും അവിടെയെത്തിയ മറ്റു ഓഫിസർമാരും ബലമായി പിടിച്ചു സ്റ്റേഷനിൽ കൊണ്ടുപോവുകയും മദ്യപാനിയാണെന്ന് ചിത്രീകരിച്ചു അസഭ്യം പറയുകയും ചെയ്തു.

 പൊലിസ് ജീപ്പിൻ കയറ്റി കൊണ്ടുപോകുമ്പോൾ എസ്.ഐയും ഡ്രൈവറും നിന്നെ 60 ദിവസം റിമാൻഡാക്കി കിടത്തുമെന്ന് ഭീഷണിപ്പെടുത്തി. സ്റ്റേഷനിലെത്തിയപ്പോൾ കൈയ്യിലെ മൊബൈലും പീടികയുടെ താക്കോലും വാങ്ങി വെച്ചു. അഡ്രസ് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തു. ആധാർ ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞു. ആധാർ കൈയ്യിൽ കൊണ്ടു നടന്നില്ലെങ്കിൽ വേറെയും കേസുണ്ടാകുമെന്ന് അറിയാമോയെന്ന് റിസപ്ഷനിലെ പൊലിസുകാരൻ ചോദിച്ചു. ഒരു മിനുട്ട് ഫോൺ കിട്ടിയതുകൊണ്ടു ചങ്ങാതിയെ വിളിക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ മറ്റു വകുപ്പുകൾ ചേർത്ത് അകത്തു കിടത്തുമായിരുന്നു അല്ലെങ്കിൽ പൊലിസ് കേസെടുക്കുമായിരുന്നു. എനിക്കായി വിളിച്ചവരോടൊക്കെ ഞാൻ മദ്യപിച്ചു പൊതു ശല്യമുണ്ടാക്കിയെന്നാണ് പൊലിസ് പറഞ്ഞത്. ജീവിതത്തിൽ ഇതുവരെ മദ്യപിക്കാത്ത തന്നെ പൊലിസുകാർ മദ്യപാനിയായി ചിത്രീകരിക്കുകയായിരുന്നു.

 മറ്റൊരു പൊലിസുകാരനായ രാജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി ഷക്കീൽ ,ബിജു പൊലിസ് , മുൻ എ.സി.പി ടി.കെ രത്നകുമാർ, രമേശൻ വെള്ളോറ ,വളപട്ടണം സി.ഐ എന്നിവർ ഉള്ളതുകൊണ്ടാണ് താൻ അറസ്റ്റിൽ നിന്നും രക്ഷപ്പെട്ടത്. സ്റ്റേഷനിലുള്ള പൊലിസുകാരൊക്കെ ഒരു കൊലപാതകിയോട് പെരുമാറുന്നതുപോലെ അത്രയ്ക്ക് രൂക്ഷമായാണ് പെരുമാറിയത് . ഇങ്ങനെയുള്ളവരിൽ നിന്നും എന്തു നീതി നിർവഹണമാണ് സമൂഹത്തിൽ നിന്നും ലഭിക്കുകയെന്നും ഈ യ്യ ചോദിച്ചു. ഒരു ഹൃദ്രോഗിയാണെന്നു പറഞ്ഞിട്ടും തന്നോട് എന്തിനാണ് മനുഷ്യൻമാരോട് പൊലിസ് ഇങ്ങനെ പെരുമാറുന്നതെന്ന ചോദ്യമാണ് തനിക്കുള്ള തെന്നും ഇയ്യ വളപട്ടണം തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.