അതിക്രൂരമായ വ്യാജ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തിൽ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരിൽ 2016ൽ ഭർത്താവ് ഉപേക്ഷിച്ചുപോയ തൊടുപുഴയിലെ ശോഭാ ജോസഫ് ആണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ തൻ്റെ നിരപരാധിത്വം തെളിയിച്ചത്.
കേസിലുടനീളം വാർത്തയിലൂടെ ശോഭക്ക് പിന്തുണ നൽകിയ മാധ്യമ പ്രവർത്തകൻ അനിൽ ഇമ്മാനുവൽ ആണ് ശോഭയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.മൂന്നരവർഷത്തിനിടെ മൂന്ന് ഫോറൻസിക് പരിശോധനകൾ !! അങ്ങനെയാണ് ശോഭ തൻ്റെ ഒറ്റയാൾ നിയമപോരാട്ടം ഒടുവിൽ വിജയത്തിൽ എത്തിച്ചിരുന്നത്. വ്യാജ പ്രചാരണത്തിൻ്റെ പേരിൽ 2016ൽ ശോഭ വീട്ടിൽ നിന്ന് പുറത്തായപ്പോഴാണ് ചില അടുപ്പക്കാർ വഴി വാർത്താ സഹായം തേടി അനിൽ ഇമ്മാനുവലിനെ ബന്ധപ്പെട്ടത്.
പിന്നീട് വാർത്തകളിലൂടെയും മറ്റും വിവരം ശ്രദ്ധയിൽപെട്ട ഡിജിപി ലോക്നാഥ് ബെഹ്റ ഇടപെട്ട് സിഡാക്ക് (C-Dac) ലാബിനെ കൊണ്ട് പരിശോധിപ്പിച്ചാണ് ശോഭയുടേതെന്ന് ആരോപിക്കപ്പെട്ട വീഡിയോ വ്യാജമെന്ന് സ്ഥിരീകരിച്ചിരുന്നത്.
അന്ന് മനോരമ ചാനലിൽ പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആയിരുന്ന അനിൽ ഇമ്മാനുവൽ 2018 നവംബറിൽ ഈ വാർത്ത പുറത്തുവിട്ടതോടെയാണ് ശോഭയുടെ വിജയവാർത്ത ലോകമറിഞ്ഞത്. പിന്നീട് മുഖ്യധാരാ പത്രങ്ങളും ദേശീയ മാധ്യമങ്ങളും അടക്കം ഈ വിഷയം വലിയ വാർത്താ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന വനിതാ കമ്മീഷൻ അടക്കം ശോഭക്ക് ആദരവുമായി രംഗത്ത് എത്തുന്ന സാഹചര്യവുമുണ്ടായി. ഇതിനിടെ ശോഭയുടെ നിയമപോരാട്ടം സിനിമയാക്കാനും വിവിധ ഭാഷകളിൽ നിന്ന് പലരും മുന്നോട്ട് വരികയും ചെയ്തിരുന്നു.
വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനും ആ വാർത്തകളിൽ കേന്ദ്ര കഥാപാത്രമായി വന്ന യുവതിയും തമ്മിൽ ഒന്നിച്ചൊരു ജീവിതത്തിലേക്ക് കടക്കുന്നു എന്ന അപൂർവതയാണ് ഈ വിവാഹത്തെ ശ്രദ്ധേയമാക്കുന്നത്. തനിക്കെതിരെ ഉയർത്തിയ ആരോപണം വ്യജമായിരുന്നു എന്ന് 2022ൽ ഭർത്താവ് കോടതിയിൽ ഏറ്റുപറഞ്ഞതോടെ കേസ് പിൻവലിച്ച് ഒത്തുതീർപ്പിന് തയ്യാറായ ശോഭ, തൊട്ടുപിന്നാലെ 2022-ൽ ആണ് വിവാഹമോചനം നേടിയിരുന്നത്. 2021ൽ വിവാഹമോചനം നേടിയ അനിൽ ഇമ്മാനുവൽ 2022ൽ മനോരമ ചാനലിൽ നിന്ന് രാജിവച്ച് മാധ്യമ സിൻഡിക്കറ്റ് എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തിൻ്റെ എഡിറ്റർ ഇൻ ചീഫായി പ്രവർത്തിച്ചു വരികയാണ്.