കുടുംബ കോമഡി ത്രില്ലർ 'അപൂർവ്വ പുത്രന്മാർ' വരുന്നു

09:26 PM Apr 23, 2025 | Kavya Ramachandran

കൊച്ചി:  ഇവയ്ൻ എൻറർടെയ്ൻമെൻറ്സ് വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന 'അപൂർവ്വ പുത്രന്മാർ' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു പക്കാ ഫാമിലി കോമഡി എൻറർടെയ്നർ എന്ന സൂചന നൽകുന്ന രസകരമായ മോഷൻ പോസ്റ്ററാണ് റീലീസ് ചെയ്തിരിക്കുന്നത്. 

രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.

ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾക്കൊപ്പം തന്നെ ഗംഭീര സസ്പെൻസും നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു ഫൺ ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് എൻ്റർടൈൻമെൻ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.

തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമയാണ് 'അപൂർവ്വ പുത്രന്മാർ'. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഇതിൻ്റെ താരനിരയിലുണ്ട്.