ഗൂഡല്ലൂരിൽ ഹെവി ഗുഡ്സ് ട്രക്കിടിച്ച് റോഡിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

10:04 AM Jan 19, 2025 | Kavya Ramachandran

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ ഹെവി ഗുഡ്സ് ട്രക്ക് ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഗുഡല്ലൂർ വനദുർഗ ക്ഷേത്രത്തിന് സമീപത്തെ സാമുവലും (33) മകൻ വിജിൽ വർഷനും (7) ആണ് മരിച്ചത്. 'ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

ഊട്ടി മൈസൂരു അന്തസ്സംസ്ഥാന പാതയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും. എതിരെ വരികയായിരുന്ന ഹെവി ട്രക്ക് വണ്ടിയിൽ തട്ടി ഇരുവരും റോഡിലേയ്ക്ക് വീഴുകയായിരുന്നു. ട്രക്ക് ദേഹത്ത് കയറിയിറങ്ങിയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മലപ്പുറം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് പോലീസെത്തി രണ്ടു പേരുടേയും മൃതദേഹങ്ങൾ ഗൂഡല്ലൂർ സർക്കാർ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.