മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകിയില്ല; ആറ് വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

11:09 AM May 12, 2025 | Kavya Ramachandran

ഗുരുഗ്രാം:  ആറ് വയസുള്ള മകനെ മദ്യപിച്ച് ലക്കുകെട്ട അച്ഛൻ അടിച്ചുകൊന്നു. മദ്യപിക്കുന്നതിനിടെ മകൻ വെള്ളം എടുത്തുകൊടുക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ക്രൂരമായി അടിച്ചത്. സംഭവത്തെ തുടർന്ന് ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു.

മാരകമായ പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മെയ് ആറിനാണ് സംഭവം. അന്നേദിവസം ജോലി ഇല്ലാതിരുന്നതിനാൽ ഇയാൾ നേരത്തേ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയിൽ മകനോട് വെള്ളം എടുത്തുതരാൻ പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല.

പ്രകോപിതനായ ഇയാൾ മകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇത് അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന് കുട്ടി പറഞ്ഞതോടെ ഇയാളുടെ നിയന്ത്രണം വിട്ടു മകനെ ക്രൂരമായി മർദ്ദിച്ചു. പല തവണ ചുമരിൽ തല ഇടിച്ചതോടെ കുട്ടിയുടെ ബോധം പോയി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്.