വാട്സാപ്പിന്റെ വെബ് ആപ്പിൽ വോയ്സ് കോൾ, വീഡിയോ കോൾ ഫീച്ചറുകൾ താമസിയാതെ എത്തും. ഈ ഫീച്ചറുകളുടെ പരീക്ഷണം കമ്പനി ആരംഭിച്ചതായി വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. വിൻഡോസിലും മാക് ഓഎസിലും ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. ഈ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് വാട്സാപ്പ് കോളുകൾ ചെയ്യാനാവും.
മാക്കിലും വിൻഡോസിലുമുള്ള വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. അതേസമയം, വെബ് ബ്രൗസറുകൾ വഴി ഉപയോഗിക്കാനാവുന്ന വാട്സാപ്പിന്റെ പതിപ്പാണ് വാട്സാപ്പ് വെബ്. ഇതിൽ കോളിംഗ് സേവനം എത്തുന്നതോടെ കമ്പ്യൂട്ടർ വഴി വാട്സാപ്പ് കോൾ ചെയ്യാൻ പ്രത്യേകം വാട്സാപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യകതയും ഇല്ലാതാവും.
വാട്സാപ്പ് വെബിലും വാട്സാപ്പ് ഡെസ്ക്ടോപ്പ് ആപ്പിലും നേരിട്ട് ലോഗിൻ ചെയ്യാനാവില്ല. വാട്സാപ്പ് ലോഗിൻ ചെയ്ത ഫോൺ ഉപയോഗിച്ച് മാത്രമേ അത് സാധിക്കൂ. കമ്പാനിയൻ ഡിവൈസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഫോണിന് പുറമെ വെബ്, ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി നാല് ഡിവൈസുകളിലാണ് വാട്സാപ്പ് ലോഗിൻ ചെയ്യാവുക.
വാട്സാപ്പ് വെബ് ആപ്പിലെ കോളിംഗ് ഫീച്ചർ നിലവിൽ ബീറ്റ പരീക്ഷണ ഘട്ടത്തിലാണ്. അടുത്ത ആഴ്ചകളിൽ ഈ സൗകര്യം അവതരിപ്പിക്കപ്പെട്ടേക്കും. ഫീച്ചർ എത്തിയാൽ, ആപ്പിന്റെ വലതുവശത്ത് മുകളിൽ കോൾ ബട്ടൺ കാണാം. ഇൻകമിംഗ് കോളുകളും ലഭിക്കും. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്ക് ഫോണിന്റെ സഹായമില്ലാതെ തന്നെ കോളുകൾ ചെയ്യാൻ ഇതുവഴി സൗകര്യമാകും.