യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : മൂൺവാക്ക് മെയ് 23ന് തിയേറ്ററുകളിലേക്ക്

09:04 AM May 12, 2025 | AVANI MV

മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ്  ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള  യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം മെയ് 23 ന് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. 

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു.