
കോഴിക്കോട്: തേർവീട് ദേവീക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. നാലാംഗേയ്റ്റ് സ്വദേശി അൻവർ ഹുസൈന്റെ കെട്ടിടത്തിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരുക്കില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കോഴിക്കോട് ജോസഫ് റോഡിൽ, തേർവീട് ദേവീക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിക്കുന്ന സമയത്ത് കെട്ടിടത്തിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ കാരണമാണ് അപകടം ഒഴിവായതെന്ന് മൂന്നാംലുങ്കൽ കൗൺസിലർ റംലത്ത് പറഞ്ഞു.
വാഹനങ്ങളുടെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ തൊട്ടടുത്താണ് ഉടമ അൻവർ ഹുസൈന്റെ വീട്. റസിഡൻഷ്യൽ ഏരിയയിൽ ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഇത്തരം കച്ചവടങ്ങൾ അനുവദിക്കരുതെന്ന് പ്രദേശവാസിയായ മുരുകേഷ് പറഞ്ഞു.
അപകടത്തിൽ ആളപായമില്ല. രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 8. 30 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. പ്രദേശത്ത് ടയർ കത്തി ഉണ്ടായ പുക, നാട്ടുകാർക്ക് നേരിയ ആരോഗ്യ പ്രശ്നം ഉണ്ടാക്കി. ലക്ഷക്കണക്കിന് രൂപ വില വരുന്ന ആക്രി സാധനങ്ങളാണ് കത്തി നശിച്ചത്