കടലില്‍ നിന്ന് പിടിക്കുന്ന മീന്‍ കഴിക്കാം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സജി ചെറിയാന്‍

07:23 AM May 29, 2025 |


കേരളാതീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ നിന്നും പിടിക്കുന്ന മീന്‍ കഴിക്കാമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിളളി സംസ്‌കൃതി ഭവനില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും ട്രോളിംഗ് നിരോധനത്തെക്കുറിച്ച് അറിയുന്നതിനുമായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിഷാംശമുളള മാലിന്യങ്ങളാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അപകടകരമായ സാഹചര്യം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരദേശ മേഖലകളില്‍ നിന്നുളള ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കാനായി ക്യാംപെയ്ന്‍ സംഘടിപ്പിക്കാനും തീരുമാനമായി'- സജി ചെറിയാന്‍ പറഞ്ഞു. നിലവില്‍ 20 നോട്ടിക്കല്‍ മൈലിനുളളില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെന്നും ഈ നിയന്ത്രണം മാറ്റി കപ്പല്‍ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യനിരോധനം ചുരുക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Trending :


കഴിഞ്ഞ ദിവസം, കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടായ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കണമെന്നും മത്സ്യത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗിന് കഴിഞ്ഞ കത്തയച്ചിരുന്നു. കടലില്‍ നിന്നുളള മത്സ്യവിഭവങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടെന്നും മത്സ്യത്തിന്റെയും സമുദ്രജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.