മംഗളൂരു: കടലില്‍ മീൻ പിടിക്കാൻ പോയ യുവാവ് വയറ്റില്‍ മീൻ തറച്ചുകയറിയതിനെത്തുടർന്ന് മരിച്ചു കാർവാർ മജാലി ദണ്ഡേബാഗയിലെ അക്ഷയ് അനില്‍ മജാലിക്കർ (31) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അക്ഷയ് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ പത്ത് ഇഞ്ചോളം നീളവും മൂർച്ചയുള്ള ചുണ്ടോടു കൂടിയതുമായ മീൻ കടലില്‍ നിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റില്‍ തുളച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കാർവാറിലെ ക്രിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ മുറിവ് തുന്നിച്ചേർത്ത് യുവാവിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
എന്നാല്‍, വീട്ടിലെത്തിയ അക്ഷയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിയായ തുടർ ചികിത്സ ലഭിക്കാതെയാണ് യുവാവ് മരിച്ചതെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു.