യുപിയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

08:03 AM Jul 07, 2025 | Suchithra Sivadas

ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയ്ക്കിടെ സര്‍ബത്തും ബിരിയാണിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരാള്‍ മരിച്ചു. 70 പേര്‍ അസുഖബാധിതരായി. ഉത്തര്‍പ്രദേശിലെ നനൗറ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നനൗറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷെയ്ഖ്ജാഡ്ഗന്‍ പ്രദേശവാസി ഷാബി ഹൈദറാണ് മരിച്ചത്.

70 പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബന്‍സാല്‍ പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റവരെ ഉടനടി പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയ്ഖ്ജാഡ്ഗന്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഷാബി ഹൈദര്‍ മരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ കഴിച്ച ഭക്ഷണവും സര്‍ബത്തും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഡോ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ചിലര്‍ ആശുപത്രി വിട്ട് വീട്ടിലേക്ക് പോയെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. നിലവില്‍ 54 പേരാണ് ചികിത്സയിലുള്ളത്.