+

വൈകീട്ട് ചായയ്ക്ക് രുചിയോടെ കഴിക്കാൻ ചന്ന കബാബ് റെഡി

വൈകീട്ട് ചായയ്ക്ക് രുചിയോടെ കഴിക്കാൻ ചന്ന കബാബ് റെഡി

 


ചന്ന അഥവാ വെള്ളക്കടല മിക്ക വീടുകളിലും പതിവായി വാങ്ങിക്കാറുള്ള ഒന്നാണ്. ധാരാളം ആരോഗ്യഗുണങ്ങള്‍  ഇതിനുണ്ട്. കറികള്‍ ആയി മാത്രമല്ല, സലാഡില്‍ നല്ലൊരു ചേരുവയായും ഇതുപയോഗിക്കാറുണ്ട്. ചന്ന വച്ച് വൈകീട്ടത്തേക്ക് നല്ലൊരു സൂപ്പര്‍ സ്നാക്ക് ഒരുക്കുന്നത് എങ്ങനെയെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ചന്ന കബാബിനുള്ള ചേരുവകള്‍

ചന്ന - ഒരു കപ്പ്
വെളുത്തുള്ളി - 3 എണ്ണം (ചെറുതായി അരിഞ്ഞത് )
സ്പിനാഷ്/ ചീര - രണ്ട് കപ്പ് (തിളപ്പിച്ചത് )
പനീര്‍  - ഒരു കപ്പ് ( ഗ്രേറ്റഡ്) 
ഗരം മസാല  - അര ടീസ്പൂണ്‍
മൈദ - ഒരു കപ്പ്
ചാട്ട് മസാല - ഒരു ടീസ്പൂണ്‍
പച്ചമുളക് - ആറെണ്ണം ( ചെറുതായി അരിഞ്ഞത് )
ഗ്രീന്‍ പീസ് -  രണ്ട് ടേബിള്‍ സ്പൂണ്‍ ( വേവിച്ചത് ) 
ഉപ്പ്  - ആവശ്യത്തിന്
ബ്രഡ് ക്രംപ്സ് - ഒരു കപ്പ്
ഇഞ്ചി  - ഒരു ടീസ്പൂണ്‍
എണ്ണ  - നാല് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ചന്ന ആദ്യം ഒരു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ഇനിയിത് വെള്ളമൂറ്റിക്കളഞ്ഞ് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കാന്‍ വയ്ക്കാം.

വെന്ത ചന്നയിലേക്ക് സ്പിനാഷ് / ചീര, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് വാങ്ങി പനീര്‍, ഉപ്പ്, ഗരം മസാല, ചാട്ട് മസാല, അരക്കപ്പ് ബ്രഡ് ക്രംപ്സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം. 

എല്ലാം നല്ലതുപോലെ യോജിച്ചുകഴിഞ്ഞാല്‍ ഇതില്‍ നിന്ന് ചെറിയ ഉരുളകള്‍ ഉരുട്ടിയെടുക്കാം. ഇഷ്ടമുള്ള ഷേയ്പ്പില്‍ ഇത് പരത്തിയെടുക്കുകയോ, ഓവല്‍ ഘടനയില്‍ ആക്കുകയോ എല്ലാം ചെയ്യാം. ഇനി മൈദയില്‍ വെള്ളം ചേര്‍ത്ത് അത് പേസ്റ്റ് പരുവത്തില്‍ ആക്കിവയ്ക്കാം. ഒപ്പം തന്നെ ഒരു പാന്‍ സ്റ്റവില്‍ വച്ച് ചൂടാക്കി, അതിലേക്ക് ഓയില്‍ ചേര്‍ക്കാം. ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന കെബാബ് മൈദയിലും ബ്രഡ് ക്രംപ്സിലും മുക്കി ഫ്രൈ ചെയ്യാന്‍ വയ്ക്കാം. അധികം എണ്ണ ഉപയോഗിക്കാതെ തിരിച്ചും മറിച്ചും ഇട്ട് പാകം ചെയ്തെടുക്കുന്നതാണ് ആരോഗ്യകരം. അല്ലാത്തവര്‍ക്ക് ഇത് ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഇപ്പോള്‍ രുചകരവും 'ഹെല്‍ത്തി'യുമായ  ചന്ന കെബാബ് റെഡി!

facebook twitter