കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാല് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഷെഡിലായിരുന്നു സംഭവം.
കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താരകേശ്വര്‍ റെയില്‍വെ ഹൈ ഡ്രെയിനിന് സമീപത്തായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
'കുട്ടി എനിക്കൊപ്പം ഉറങ്ങുകയായിരുന്നു. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്നോ ആരാണ് കൊണ്ടുപോയതെന്നോ എനിക്കറിയില്ല. അവര്‍ കൊതുകുവല മുറിച്ച് കുട്ടിയെ കൊണ്ടുപോയി. പിന്നീട് നഗ്‌നയായ നിലയിലാണ് കണ്ടത്', പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
ഗുരുതരാവസ്ഥയിലായ കുഞ്ഞ് താരകേശ്വര്‍ ഗ്രാമീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോക്സോ കേസ് പ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.