+

പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിങ്ടൺ: തൻറെ മുൻപിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ്. അദ്ദേഹത്തിൻറെ 'കോട്ട് ഇൻ പ്രൊവിഡൻസ്' എന്ന ഷോ സമൂഹ മാധ്യമങ്ങളിൽ ഏറെക്കാലം വൈറലായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്ന നിലയിൽ പ്രശസ്തനായ വ്യക്തിയാണ് ഫ്രാങ്ക് കാപ്രിയോ. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ചീഫ് ജഡ്ജിയായിരുന്ന ഫ്രാങ്കിന്റെ കോടതി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പിഴ ഒടുക്കാൻ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ ജഡ്ജ് ഫ്രാങ്ക് ശ്രമിക്കുന്ന വീഡിയോകൾ സഹജീവികളോടുള്ള സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങളാണ്. സിറ്റി ഓഫ് പ്രൊവിഡൻസിൽ ഹൈസ്കൂൾ അധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.

താൻ പാവപ്പെട്ടവനായാണ് വളർന്നതെന്നും ആ അവസ്ഥ എന്താണെന്ന് തനിക്ക് അറിയാമെന്നും ഫ്രാങ്ക് കാപ്രിയോ ഒരിക്കൽ പറയുകയുണ്ടായി. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം വിശദമാക്കി. ലോകത്തിലെ ഏറ്റവും വലിയ പാതകം കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണെന്ന് അദ്ദേഹം പറഞ്ഞു.

facebook twitter