പാലക്കാട്: വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലി ചെയ്താല്‍ പണമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നെന്മാറ സ്വദേശിയുടെ കൈയില്‍നിന്ന് യുവാവ് 32.4 ലക്ഷം രൂപ തട്ടിയെടുത്തു . സംഭവത്തില്‍ മണ്ണൂര്‍ നഗരിപ്പുരം സ്വദേശി മുഹമ്മദ് അജ്മലിനെ (22) പാലക്കാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വാട്സാപ് വഴി തട്ടിപ്പ് നടത്തിയത്. വീട്ടിലിരുന്ന് ബില്‍ഡിങ്ങുകളുടെ ലീസ് പ്രൊമോഷന് ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് നിക്ഷേപിച്ച ചെറിയ തുകകള്‍ക്ക് ലാഭം നല്കി. പിന്നീട് വലിയ തുക നിക്ഷേപിച്ചെങ്കിലും പണം തിരിച്ച് ലഭിച്ചില്ല. പണം നഷ്ടമായതോടെ യുവാവ് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, യുവാവിന് നഷ്ടപ്പെട്ട തുകയിലെ നല്ലൊരുഭാഗം പ്രതിയുടെ പത്തിരിപ്പാലയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും അക്കൗണ്ടില്‍ പണമെത്തിയ ഉടനെ ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചതായും കണ്ടെത്തി. കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലാകാന്‍ സാധ്യതയുള്ളതായി പോലീസ് അറിയിച്ചു.
ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി എം. പ്രസാദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ശശികുമാര്‍, എസ്. ഷമീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.