പണിയും കഴിഞ്ഞു ഷാപ്പിൽ കേറി രണ്ടെണ്ണം അടിച്ച് ആടിയാടി വീട്ടിലേക്ക് പോകുന്ന ആണുങ്ങൾ പണ്ട് നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. പാടത്തും പറമ്പിലും മേലനങ്ങി അധ്വാനിച്ചതിന്റെ ക്ഷീണം തീർക്കുവാനായിരുന്നു അവർ ജോലികഴിഞ്ഞു നേരെ ഷാപ്പിലേക്കോടിയിരുന്നത്. ഇന്നും ജോലി കഴിഞ്ഞു ബാറിൽ പോയി മിനുങ്ങുന്നവർ ഉണ്ടാകും.. എന്നാൽ ജോലി കഴിഞ്ഞ് ക്ഷീണിച്ച് നേരെ ഓഫീസിലെ ബാറിലേക്ക് പോകുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ…എത്ര നടക്കാത്ത സ്വപ്നം അല്ലെ..
എന്നാൽ ഇത് ഈ സ്വപ്നവും നടക്കും. ഓഫീസിൽ തന്നെയുള്ള ബാറിൽ പോയി ക്ഷീണം തീർക്കാം എത്രവേണമെങ്കിലും കുടിക്കാം അതും ഫ്രീ ആയി..തീർന്നില്ല, അടുത്ത ദിവസം ശമ്പളത്തോടെ ഹാങ്ങോവര്‍ ലീവ് എടുക്കുകയും ചെയ്യാം…ജപ്പാനിലെ ഒസക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ബിസിനസ് കമ്പനി ട്രസ്റ്റ് റിങ് കോപ്പറേറ്റീവ് ലിമിറ്റഡാണ് വ്യത്യസ്തമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജോലി സമയങ്ങളില്‍ സൗജന്യമായി മദ്യം നല്‍കുകയും വേണമെങ്കില്‍ അടുത്ത ദിവസം ഹാങ്ങോവര്‍ ലീവ് എടുക്കുകയും ചെയ്യാം. ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാര്‍ക്ക് മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടാക്കുകയാണ് കമ്പനി പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി സിഇഒ തകുയ സുഗിയുര പറയുന്നത്.
അതേസമയം ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. ജീവനക്കാരില്‍ ഉത്സാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ജോലിസമയത്തെ മദ്യപാനം ഉത്പാദനക്ഷമതയെ ബാധിക്കുമെന്നാണ് മറ്റു ചിലർ വ്യക്തമാക്കുന്നത്. എന്തായാലും കമ്പനിയുടെ തീരുമാനം ഫലമുണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.