ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

06:57 AM Oct 31, 2025 | Suchithra Sivadas

സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ ആണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.

അതേ സമയം ഫാക്ടറിക്ക് മുന്നില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടും വരേ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റേയും, ശുചിത്വ മിഷന്റേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാനുള്ള നടപടി. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.


അതിനിടെ, സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസിന്റെ ഉറപ്പ് നല്‍കി. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇന്നലെ വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മറ്റി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചാണെന്ന റിപ്പോര്‍ട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോര്‍ഡുംജില്ലാ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്.